kalpathi-

നെല്ലറയ്ക്കിനി ഉത്സവകാലം,വേലകൾക്കും പൂരങ്ങൾക്കും നാന്ദിയായി കൽപ്പാത്തി അഗ്രഹാര വീഥികളിൽ രഥോത്സവത്തിന് തുടക്കമാകുന്നു. ഈ മാസം 14,​15,​16 തീയതികളിലാണ് ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥസംഗമം. മമതയുടെ മണം സിരകളിലലിയും കൽപ്പാത്തി അഗ്രഹാര വീഥികളിലൂടെ നടന്നാൽ. ദേവന്റെ കഴുത്തിലെ മണിമാല മുത്തുകൾപോലെ കൈകോർത്ത് കൈകോർത്തങ്ങനെ പഴമയുടെ കഥകൾ പറയുന്ന വീടുകൾ. കൂടുതലും തമിഴ് ബ്രാഹ്മണ കുടുംബങ്ങൾ, അയിത്തം ഇല്ലാത്തവർ. അതിഥികളെ ദേവതുല്യം കാണുന്നവർ. പ്രഭാതം മുതൽ പ്രദോഷം വരെ പല കോലങ്ങളിലും കളമെഴുതുന്ന സ്ത്രീകൾ കൽപ്പാത്തിയിലെ കാഴ്ചകൾ ഇങ്ങനെ അനന്തമായി നീളുന്നു...

പൈതൃകം പറഞ്ഞുപറഞ്ഞ് സൗന്ദര്യംകൂടിയ പരമ്പരാഗത ഗ്രാമമാണ് പാലക്കാട്ടെ കൽപ്പാത്തി. ഗ്രാമത്തിൽ എല്ലാ വർഷവും നടക്കുന്ന ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ഭാരതപ്പുഴയുടെ പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ശിവപാർവതി ക്ഷേത്രമാണ് കൽപ്പാത്തി ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. സമീപ ക്ഷേത്രങ്ങളുമായി ചേർന്നാണിത് നടക്കുന്നത്.

1425 എ.ഡിയിൽ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പകുതി കൽപ്പാത്തി എന്ന പഴഞ്ചൊല്ല് തന്നെയുണ്ട്. കാശിയിൽ പാതിയാണ് കൽപ്പാത്തിയായി മാറിയത് എന്നൊരു വിശ്വാസവും ഉണ്ട്. ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതി ചെയ്യുന്ന കൽപാത്തി കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിൽ ഒന്നാണ്. ദക്ഷിണകാശി എന്നാണ് കൽപ്പാത്തി അറിയപ്പെടുന്നത്. തെരുവിലെ ഒരോ വീടിന്റെ മുന്നിലും കോലങ്ങൾ ഉണ്ടായിരിക്കും. കല്ലു പതിച്ച പാതി എന്നതു കൊണ്ടാണ് കൽപ്പാത്തി എന്ന പേര് കിട്ടിയതെന്നും പറയുന്നു. ചെറിയതെന്ന് പുറമേ നിന്നു തോന്നുന്ന വലിയ വീടുകളായ അഗ്രഹാരങ്ങളാണ് ഈ ഭാഗം മുഴുവനും. പലതും ചേർന്നു കിടക്കുന്നു.ക്ഷേത്രത്തിന് ചുറ്റും നാല് തമിഴ് ബ്രാഹ്മണ അഗ്രഹാരങ്ങൾ അല്ലെങ്കിൽ പരമ്പരാഗത ഗ്രാമങ്ങൾ ഉണ്ട്. പുതിയ കൽപ്പാത്തി, പഴയ കൽപ്പാത്തി, ചാത്തപുരം, ഗോവിന്ദരാജപുരം എന്നിവയാണത്. ഇവിടെ ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗംഗാധരൻ, കാലഭൈരവൻ, ചണ്ഡികേശ്വരൻ എന്നീ ശിവന്റെ വിവിധ ഭാവങ്ങളും, ഗണപതി, വള്ളിദേവസേന സമേതനായ സുബ്രമണ്യൻ, സൂര്യൻ, നാഗദൈവങ്ങൾ എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്. തമിഴ് ആഗമ പ്രകാരമാണ് പൂജ നടക്കുന്നത്.

തമിഴ്നാട്ടിലെ തഞ്ചാവൂർ – ചിദംബരം പാതയിലുള്ള നാഗപട്ടണത്തെ മൈലാടുതുറയിലെ (പഴയ മായവരം) കാവേരി തീരത്തെ മയൂരനാഥക്ഷേത്ര മാതൃകയിൽ ആഗമ ശാസ്ത്ര പ്രകാരം നിർമ്മിച്ചതാണ് ഈ ക്ഷേത്രം. പരമശിവൻ പാർവതിക്ക് ഉപദേശിച്ച താന്ത്രിക ശാസ്ത്രമാണ് ആഗമമെന്ന പേരിൽ അറിയപ്പെടുന്നത്. ‍അക്കാലത്ത് മന്തക്കര ഗണപതി ക്ഷേത്രം ഇവിടെയുണ്ടായിരുന്നില്ല. പുൽമേടായിരുന്ന അവിടെ തീപിടിത്തം പതിവായിരുന്നു. തുടർന്ന് നടത്തിയ ദേവപ്രശ്നത്തിൽ ഗണപതി പ്രതിഷ്ഠ നടത്തണമെന്ന് തെളിഞ്ഞതിനെ തുടർന്നാണ് മന്തക്കര ഗണപതി ക്ഷേത്രം നിർമ്മിച്ചത്. കാഞ്ചീപുരത്ത് നിന്ന് വന്നവരാണ് ഗോവിന്ദരാജപുരത്ത് താമസമാക്കിയത്. അവരവിടെ വരദരാജപ്പെരുമാളെ (മഹാവിഷ്ണു) പ്രതിഷ്ഠിച്ചു. മായാപുരത്തിനു സമീപമുള്ള വൈത്തീശ്വരത്തുള്ളവർ താമസിക്കാനെത്തിയ സ്ഥലം വൈദ്യനാഥപുരമായി. വൈത്തീശ്വര ക്ഷേത്രമാണവിടത്തെ പ്രധാന ക്ഷേത്രം. പരമശിവനെ വൈദ്യനാഥ സ്വാമിയായിട്ടാണിവിടെ ആരാധിക്കുന്നത്. സർവരോഗഹരനായ വൈദ്യനാഥനെ അവർ ഇവിടെയും പ്രതിഷ്ഠിച്ചു. മധുരയിലെ പാണ്ഡ്യദേശത്തുനിന്നുള്ളവർ ചൊക്കനാഥപുരം അഗ്രഹാരം സ്ഥാപിച്ചു. മീനാക്ഷീ സുന്ദരേശനെ ചൊക്കനാഥരായി പ്രതിഷ്ഠിച്ച് ആരാധിച്ചു തുടങ്ങി. മായാവരത്തുനിന്നുള്ളവർ പഴയകൽപ്പാത്തിയിൽ ലക്ഷ്മി നാരായണപ്പെരുമാളിനെ ഉപാസിക്കുന്നു. തമിഴ്നാടിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നു വീണ്ടും വൈദിക ബ്രാഹ്മണർ പാലക്കാട്ടേക്ക് എത്തിക്കൊണ്ടിരുന്നു. അവർ വിവിധ ഭാഗങ്ങളിൽ അഗ്രഹാരങ്ങൾ സ്ഥാപിച്ചു. ഇങ്ങനെ 96 അഗ്രഹാരങ്ങൾ വിവിധ ഭാഗങ്ങളിൽ രൂപം കൊണ്ടു. വിവിധ ആവശ്യങ്ങൾക്കായി ഓരോ സമുദായങ്ങളെയും അഗ്രഹാരങ്ങൾക്കടുത്തു താമസമാക്കി. അവരുടെയൊക്കെ പേരിൽ രൂപപ്പെട്ട തെരുവുകൾ പാലക്കാട് നഗരത്തിലുടനീളമുണ്ട്. പൂക്കാരത്തെരുവ്, ഹരിക്കാരത്തെരുവ് എന്നിവ ചില ഉദാഹരണങ്ങളാണ്.

 ദേവരഥസംഗമം

വേദമന്ത്ര ജപത്താൽ മുഖരിതമാകുന്ന അഗ്രഹാര വീഥികളിലൂടെ ദേവഗണങ്ങളെ വഹിച്ചുകൊണ്ടുള്ള രഥങ്ങൾ തൊട്ടുവണങ്ങാനും തേര് വലിക്കാനും നവംബർ 14 മുതൽ 16വരെ ഭക്തരുടെ വൻ തിരക്കാവും കൽപ്പാത്തിയിൽ. സമാപനത്തിൽ അഞ്ച് രഥങ്ങൾ അണിനിരക്കും. സായംസന്ധ്യയിൽ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളി ദൈവാന സമേത സുബ്രഹ്മണ്യൻ, ലക്ഷ്മീനാരായണ പെരുമാൾ, പ്രസന്ന മഹാഗണപതി എന്നിവിടങ്ങളിൽ നിന്നുള്ള തേരുകൾ തേരുമുട്ടിയിൽ സംഗമിക്കുന്നതോടെ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമാവും. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ പൂജാവിധികളും ശൈലിയുമാണ് കൽപ്പാത്തി രഥോത്സവത്തിലും കാണുക. ദേവരഥ സംഗമത്തിന് ആയിരങ്ങൾ സാക്ഷിയാകും.

 തഞ്ചാവൂർ തനിമ

കൽപ്പാത്തിയിലെത്തിയ തഞ്ചാവൂർ ബ്രാഹ്മണസമൂഹം തമിഴ് രീതികൾ ഒന്നൊന്നായി പ്രചരിപ്പിച്ചു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ഒരു തഞ്ചാവൂർ തനിമ പാലിക്കാൻ അവർ ശ്രമിച്ചിരുന്നു. അതിലേറ്റവും പ്രസിദ്ധം കൽപ്പാത്തി രഥോത്സവത്തിനാണ്. ദിവസങ്ങൾ നീളുന്ന ഉത്സവം പാലക്കാടിന്റെ പെരുമ വിളിച്ചോതുന്നു. ഇവിടുത്തെ രഥങ്ങൾക്ക് കാശി വിശ്വനാഥ ക്ഷേത്ര ഗോപുരങ്ങളോടും മേൽക്കൂരയോടും കൃത്യമായ സാമ്യമാണുള്ളത്. പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ശില്പികളാണ് രഥം തയ്യാറാക്കുന്നത്. രഥം പൂർണരൂപത്തിൽ തയ്യാറാവുന്നതോടെ കാശിക്ഷേത്രത്തിലെ മഹാചൈതന്യ സാന്നിദ്ധ്യം മൂന്ന് ദിവസത്തേക്ക് ഈ രഥങ്ങളിൽ ആവാഹിക്കപ്പെടുമെന്നാണ് ഐതിഹ്യം. ശ്രീവിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതിക്ഷേത്രം, ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതി ക്ഷേത്രം, പുതിയ കൽപ്പാത്തി ക്ഷേത്രം എന്നിവിടങ്ങളിലെ തേരുകളാണ് അഗ്രഹാര വീഥികളിലൂടെ കാഴ്ചയെ വർണാഭമാക്കി ഉരുളുക. രഥോത്സവം കൊടിയേറിയ ശേഷം നടക്കാറുള്ള ചെറിയ ദേവരഥങ്ങളുടെ സംഗമം കണ്ടുതൊഴാൻ മുപ്പത്തിമുക്കോടി ദേവതകൾ എത്തുമെന്നാണ് വിശ്വാസം.