പാലക്കാട്‌: ഈ വർഷം ഇതുവരെ പാലക്കാട് ജില്ലയിൽ ജലാശയങ്ങളിൽ പൊലിഞ്ഞത് 45 ജീവൻ. ഇതിൽ കഴിഞ്ഞ മാസം മാത്രം ഒമ്പത് മുങ്ങി മരണമാണ് സംഭവിച്ചത്. പാലക്കാട് ജില്ലയിലെ അഗ്നി ശമന സേനാ വിഭാഗത്തിന്റെ മാത്രം കണക്കാണിത്. യാതൊരു നിയന്ത്രണവും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജലാശയങ്ങളിൽ മീൻ പിടിക്കുന്നതിനും കുളിക്കുന്നതിനും മറ്റുമായി ഇറങ്ങിയാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒക്ടോബറിൽ മാത്രം പട്ടാമ്പി, പാലക്കാട് സബ് സ്റ്റേഷനുകൾക്ക് കീഴിൽ മൂന്ന് വീതം മുങ്ങി മരണങ്ങളാണുണ്ടായത്. കോങ്ങാട്, ഷൊർണൂർ, വടക്കഞ്ചേരി സബ് സ്റ്റേഷനുകൾക്ക് കീഴിൽ ഒന്ന് വീതം മരണവും. ജില്ലാ ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ബോധവത്കരണവും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് പലരും കുളിക്കാനിറങ്ങുന്നത്. നീന്തൽ അറിയാതെ ഒഴിക്കിൽ പെട്ടും മരണങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച് പട്ടാമ്പി ഭാരതപ്പുഴയിലെ തൃത്താല പരുതൂർ മുടപ്പക്കാട് കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ മരണം. മുടപ്പക്കാട് തോട്ടത്തിൽ വീട്ടിൽ നാസറിന്റെ മകൻ നിഷാദാണ് മരിച്ചത്. പുഴകളിലും കനാലുകളിലും കുളങ്ങളിലും ഉണ്ടായിട്ടുള്ള അപകട മരണങ്ങൾക്ക് പുറമെ ജില്ലയിലെ അണക്കെട്ടുകളിലും മുങ്ങി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനുവരി 14ന് മലമ്പുഴ അണക്കെട്ടിൽ കുളിക്കുകയായിരുന്ന യുവാവ് കനാലിൽ അകപ്പെട്ട് മരിച്ചതാണ് ഈ വർഷത്തെ ആദ്യ ജലാശയ മരണം. ജനുവരി മേയ് മാസങ്ങളിലായി മൂന്ന് പേർക്കാണ് മലമ്പുഴ അണക്കെട്ടിൽ ജീവൻ നഷ്ടപ്പെട്ടത്. പുതുപ്പള്ളിത്തെരുവ് സ്വദേശികളായ രണ്ട് സഹോദരങ്ങളാണ് മേയിൽ മലമ്പുഴ ഡാമിൽ മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. മലമ്പുഴ, വാളയാർ ഡാമുകളിലും പട്ടാമ്പി പുഴയിലും മീൻവല്ലം വെള്ളച്ചാട്ടത്തിലും മണ്ണാർക്കാട് കരുത്തിച്ചാലിലും ഇതിനോടകം നിരവധി പേരാണ് മരിച്ചത്. വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി യുവാക്കൾ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.