lorry
പ്രതികൾ ഡീസൽ മോഷ്ടിച്ചു കടത്താനുപയോഗിച്ച ലോറിയും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തപ്പോൾ.

വടക്കഞ്ചേരി: വാഹനങ്ങളിൽ നിന്നും ഡീസൽ മോഷ്ടിക്കുന്ന അന്യസംസ്ഥാന സംഘത്തെ വടക്കഞ്ചേരി പൊലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ ആസിഫ് (29), മുഹമ്മദ് ഷബാസ് (35), കാമിൽ ( 31), സലിം (35), സറഫരാജ് (37) എന്നിവരാണ് പിടിയിലായത്. ലോറിയിൽ സഞ്ചരിച്ച് ദേശീയപാതയോരത്ത് നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ഡീസൽ മോഷണം നടത്തുന്ന സംഘമാണ് ഇവർ. വടക്കഞ്ചേരി പൊലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ വാഹനം തിരിച്ചറിഞ്ഞിരുന്നു. ഈ വാഹനം തമിഴ്നാട്ടിൽ നിന്നും വാളയാർ അതിർത്തി വഴി കടന്നു വരുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടു കൂടി കുഴൽമന്ദം, ആലത്തൂർ, വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൊടുത്തു. മംഗലം പാലത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞെങ്കിലും ഇവർ വാഹനവുമായി കടന്നു കളഞ്ഞു. ലോറി പിന്തുതുടർന്ന പൊലീസ് വാഹനം പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപത്ത് വച്ച് ലോറിക്ക് മുന്നിലിട്ട് തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ജീപ്പ് ഇടിച്ച് മാറ്റി. ടോൾ പ്ലാസയുടെ ട്രാക്കിലെ ബാരിയറും തകർത്ത് കടന്ന് കളഞ്ഞു. വീണ്ടും പിന്തുടർന്ന പൊലീസ് ഹൈവേ പൊലീസിന്റെ സഹായത്തോടെ വാണിയമ്പാറയ്ക്ക് സമീപം വച്ച് വാഹനം പിടികൂടി. ലോറിയിൽ നിന്നും ഇറങ്ങിയോടിയ പ്രതികളെ എല്ലാവരെയും പുലർച്ചെ മൂന്ന് മണിയോടു കൂടി പിടികൂടി. ഇവരുടെ ലോറിയിൽ മോഷ്ടിച്ച ഡീസൽ ശേഖരിക്കാൻ 1200 ലിറ്റർ സംഭരണ ശേഷിയുള്ള പ്രത്യേക അറയും സജ്ജീകരിച്ചിരുന്നു. ലോറിയിൽ സൂക്ഷിച്ച ആയുധങ്ങളും, ഡീസൽ മോഷ്ടിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളും പിടികൂടി. വടക്കഞ്ചേരി എസ്.ഐമാരായ പി.ശ്രീധരൻ, അബ്ബാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉക്കാഷ്, ഹോം ഗാർഡ് അഫ്സൽ എന്നിവരാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.