coconut

ചിറ്റൂർ: ഭൂഗർഭജലത്തിന്റെ തോത് വളരെ അപകടകരമായി താഴ്ന്ന (ക്രിട്ടിക്കൽ) നിലയിലുള്ള മേഖലകളിൽ തെങ്ങുകൃഷിക്കായി 5000 ഹെക്ടറിൽ സൂക്ഷ്മ ജലസേചന സൗകര്യമൊരുക്കുന്നു. പാലക്കാട്, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. ചെറുകിട കർഷകർക്കും കൃഷി കൂട്ടായ്മകൾക്കും സാങ്കേതിക ഉപകരണങ്ങളടക്കം സ്ഥാപിക്കാൻ ആറുകോടി രൂപയുടെ സഹായമാണ് ലഭ്യമാക്കുക. തുള്ളി നന, സ്പ്രിങ്ക്ളർ ജലസേചനം എന്നിവയിൽ കൃഷിക്കാർക്ക് സാങ്കേതിക പരിശീലനവും നൽകും.

ആഴത്തിലുള്ള കുഴൽക്കിണറുകൾ, കുളങ്ങൾ എന്നിവയിൽ നിന്ന് വെള്ളം പമ്പുചെയ്ത് തെങ്ങിൻ തോപ്പുകൾ മുഴുവൻ നനയ്ക്കുന്ന പരമ്പരാഗത രീതി വൻതോതിൽ ജലനഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ വൈദ്യുതി ഉപഭോഗവും കൂടുതലാണ്. വെള്ളം കൂടുതൽ നൽകുന്നത് കീടബാധ കൂട്ടും. സംസ്ഥാനത്തെ കള്ളുത്പാദന കേന്ദ്രമായ പാലക്കാട് ജില്ലയുടെ കിഴക്കൻമേഖലയിലെ തോപ്പുകളിൽ നടന്ന പഠനങ്ങളിൽ ഇത് വ്യക്തമായിരുന്നു. ഇത് കള്ളുത്പാദനത്തിലും തേങ്ങ ലഭ്യതയിലും വലിയ ഇടിവുണ്ടാക്കിയതായും കണ്ടെത്തിയിരുന്നു. പൂർണ വളർച്ചയെത്തിയ തെങ്ങിന് ദിവസം 60 മുതൽ 80 ലിറ്റർവരെ വെള്ളം മതി. പരമ്പരാഗത രീതിയിലുള്ള ജലസേചനത്തിന് ഇതിന്റെ അഞ്ചിരട്ടിവരെ വെള്ളം വേണ്ടിവരും. കളിമണ്ണിലും മണൽകലർന്ന മണ്ണിലുംവരെ 35 മുതൽ 65വരെ ശതമാനം വെള്ളം ലാഭിക്കുന്നതാണ് സൂക്ഷ്മ ജലസേചന രീതി. ബാഷ്പീകരണം, കീടബാധ, കളകളുടെ വളർച്ച, തൊഴിൽച്ചെലവ് എന്നിവ കുറയ്ക്കാനും പോഷകങ്ങളും വളവും വേരിലേക്ക് നേരിട്ടെത്തിക്കാനും സഹായകരമാണ്. ഡ്രിപ്പ്, സ്പ്രിങ്ക്ളർ എന്നിവ സ്ഥാപിക്കാനുള്ള ചെലവാണ് പ്രധാന പ്രതിസന്ധി. ചെറുകിട കർഷകർക്ക് ആകെ ചെലവിന്റെ 85 ശതമാനം തുക കൃഷിവകുപ്പ് ലഭ്യമാക്കും. ഹെക്ടറിന് 50,000 രൂപവരെയാണ് നൽകുക.