
അലനല്ലൂർ: പരിമിതികളെയും പ്രയാസങ്ങളെയും മറന്ന് പാട്ടും പറച്ചിലും ആട്ടവുമായി അവരൊത്തുകൂടിയപ്പോൾ വർണ്ണോത്സവം അവിസ്മരണീയമായി. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി സംഗമവും ഭിന്നശേഷി കലോത്സവവും പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. നാട്ടുകൽ ഐ.എൻ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണോത്സവം 2025 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.ടി.സഫിയ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.സി.രമണി, ഇ.എം നവാസ്, ഐ.സി.ഡി.എസ് സൂപ്പർ വൈസർ പി.രമാദേവി, പി.ലീല, കെ.ബഷീർ എന്നിവർ പ്രസംഗിച്ചു. അംഗൺവാടി വർക്കർമാർ, രക്ഷിതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.