പാലക്കാട്: ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൽപ്പാത്തിത്തെരുവ് രഥോത്സവത്തിനൊരുങ്ങുന്നു. ഉത്സവത്തിന് ഒരാഴ്ച ശേഷിക്കേ ക്ഷേത്രങ്ങളിൽ അലങ്കാരപ്പണികൾ അതിവേഗം പുരോഗമിക്കുകയാണ്. പാതകൾ വർണാഭമായ കമാനങ്ങളാൽ നിറഞ്ഞു. രഥോത്സവത്തിന് മുന്നോടിയായി ഗ്രാമത്തിലെ റോഡുകളിലെല്ലാം അറ്റകുറ്റപണികൾ നടത്തുന്നുണ്ട്. വീടുകളിൽ വിദേശത്തു നിന്നും മറുനാടുകളിൽ നിന്നും നാട്ടിലെത്തിയവരുടെ തിരക്കാണ്. പ്രധാന ക്ഷേത്രമായ വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിന് മുന്നിൽ മിനുക്കു പണികൾക്കായി പുറത്തിറക്കിയ തേരുകൾക്ക് ചുറ്റും ചിത്രങ്ങളെടുക്കാനും ആളുകളെത്തുന്നുണ്ട്. പാതയുടെ പകുതിയോളം കച്ചവടക്കാർ അവരുടെ സ്ഥാനം വടംകെട്ടി ഉറപ്പിച്ചു. ഉത്സവം കൊടിയേറും മുമ്പ് തെരുവുണരുന്നത് കാണാനും പുലർച്ചെ തിരക്കുണ്ട്. ജില്ലയ്ക്ക് പുറത്തു നിന്നും രഥങ്ങൾ അടുത്തു കാണാനും ഒരുക്കങ്ങൾ കാണാനും ഒട്ടേറെ പേർ എത്തുന്നുണ്ട്. ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങുകൾ ഏഴിന് ക്ഷേത്രങ്ങളിൽ തുടങ്ങി എട്ടിന് കൊടിയേറും. 12നാണ് അഞ്ചാംതിരുനാൾ ആഘോഷം. 14, 15, 16 ദിവസങ്ങളിലാണ് രഥപ്രയാണം. 16ന് വൈകിട്ട് രഥസംഗമം നടക്കും. 17ന് ആറാട്ടോടുകൂടി കൊടിയിറങ്ങും. ഒരാഴ്ച മുമ്പു തന്നെ സ്ഥലത്ത് കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഏകോപനം വിലയിരുത്തി. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാനും ശുദ്ധജലം, ചികിത്സാ സൗകര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും നിർദേശമുണ്ട്.