പാലക്കാട്: സംസ്ഥാന ശാസ്ത്രോത്സവത്തിൽ എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കാഞ്ഞങ്ങാട് 'ദുർഗ"യിലെ ചുണക്കുട്ടികൾ പാലക്കാടൻ മണ്ണിൽ കാലുകുത്തുന്നത്. കുടയും ചോക്കും പാവയും പായയും മുതൽ ചവുട്ടിവരെ നിർമ്മിച്ചാണ് പ്രവൃത്തിപരിചയ മേളയിൽ ഏഴുതവണ ചാമ്പ്യൻമാരായത്. എന്നാൽ ഇക്കുറി അടവു മാറ്റി ചവിട്ടേണ്ടിവന്നു. പുതുക്കിയ മാന്വവൽ പ്രകാരം കുടയും ചോക്കും ചവുട്ടി നിർമ്മാണവുമെല്ലാം ഒഴിവാക്കി. പകരം, ഫൈബർ ഫാബ്രിക്കേഷൻ, ക്യാരി ബാഗ് നിർമ്മാണം, പാളകൊണ്ടും ചൂരൽകൊണ്ടുമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലുമാണ് പ്രതീക്ഷ.
കഴിഞ്ഞവർഷം ആലപ്പുഴയിൽ നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ 140 പോയിന്റ് നേടിയാണ് കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് ഓവറാൾ ചാമ്പ്യന്മാരായത്. ഇക്കുറി 30ഓളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.
പരിശീലനം സ്കൂൾ സമയത്തിനുശേഷം
സ്കൂൾതലത്തിൽ വിവിധ ഘട്ടങ്ങളിൽ ശാസ്ത്രമേളകൾ സംഘടിപ്പിച്ചാണ് മികച്ച വിദ്യാർത്ഥികളെ കണ്ടത്തിയത്. ദിവസേന ക്ലാസ് കഴിഞ്ഞ് രണ്ടുമണിക്കൂർ തീവ്ര പരിശീലനം. പ്രവൃത്തി പരിചയമേളയിൽ സമയവും ഉത്പന്ന നിർമ്മാണത്തിലെ പൂർണതയും കൈവരിക്കാൻ ഇത് സഹായിച്ചു. ഫൈബർ ഫാബ്രിക്കേഷനിൽ ഹൈക്സൂൾ- ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങുന്നത് സഹോദരങ്ങളാണെന്നതും കൗതുകമാണ്. എച്ച്.എസ് വിഭാഗത്തിൽ ആദ്യകല്യാണിയും എച്ച്.എസ്.എസ് വിഭാഗത്തിൽ പ്രാൺകൃഷ്ണ യാഥവുമാണ് മത്സരിക്കുന്നത്.
വസ്തുക്കൾക്ക് ക്ഷാമം
ഫൈബർ ഫാബ്രിക്കേഷനും ചൂരലിനും കടുത്ത ക്ഷാമം നേരിടുന്നത് വലിയ വെല്ലുവിളിയായിരുന്നു. ചൂരലിന് കിലോയ്ക്ക് 3,500 രൂപയാണ് വില. വലിയ വില നൽകി വാങ്ങിയായിരുന്നു മാസങ്ങളോളം നീണ്ടുനിന്ന പരിശീലനം. ഫൈബർ ഫാബ്രിക്കേഷൻ വർക്കുകൾക്കുള്ള അസംസ്കൃത വസ്തുക്കൾക്കും ക്ഷാമം നേരിടുന്നുണ്ട്. പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇത്തരം സാധനങ്ങൾ സംഘടിപ്പിച്ചതെന്ന് കോ- ഓർഡിനേറ്റർ കൂടിയായ അദ്ധ്യാപിക ടി.പി.സപ്ന വ്യക്തമാക്കി.