s

പാലക്കാട്: സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയ്ക്ക് പാലക്കാട് പ്രൗഢോജ്ജ്വല തുടക്കം. മേളയുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാന കായിമേള - കലോത്സവ മാതൃകയിൽ ശാസ്ത്രോത്സവത്തിനും ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്ക് അടുത്തവർഷം മുതൽ സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മേളയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്കും എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്കുമുള്ള സമ്മാനത്തുകയും വർദ്ധിപ്പിക്കും.

സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, അൺ എയ്ഡഡ് സ്കൂളുകളിലെ പ്രാർത്ഥന ഏകീകരിക്കണം. എല്ലാ സ്‌കൂളിലും ഒരു പോലെയുള്ള പ്രാർത്ഥന നടപ്പാക്കണം. ചില മത സംഘടനകളുടെ സ്‌കൂളുകളിൽ പ്രത്യേക വിഭാഗത്തിന്റെ പ്രാർത്ഥന നടക്കുന്നുണ്ട്. വിദ്യാർത്ഥിയായതു കൊണ്ട് മാത്രം അത് പാടേണ്ടിവരുന്ന സാഹചര്യമാണുള്ളത്.

മതേതര - ഭരണഘടന മൂല്യങ്ങളും ശാസ്ത്രാവബോധവും ഉൾക്കൊള്ളുന്ന പ്രാർത്ഥനകളാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

14 ജില്ലകളിൽ നിന്നായി 8500ഓളം ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐ.ടി, പ്രവൃത്തിപരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. തിരുവനന്തപുരത്ത് നടന്ന ഇൻക്ലൂസീവ് ഫുട്ബാളിൽ ജേതാക്കളായ പാലക്കാട് ടീമിലെ അംഗമായ ഹാഷിമിന്റെ മെഡൽ മൈതാനത്തു വച്ച് നഷ്ടമായിരുന്നു. ഇന്നലെ ശാസ്ത്രോത്സവ ഉദ്ഘാടന വേദിയിൽ വച്ച് മന്ത്രി ഹാഷിമിന് പകരം മെഡൽ സമ്മാനിച്ചു. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനായി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ. .ഉമേഷ് സ്വാഗതം പറഞ്ഞു.