
പാലക്കാട്: റോഡപകടങ്ങൾ തുടർക്കഥയാകുന്ന ഈ സാഹചര്യത്തിൽ നിരത്തുകളിൽ പതുങ്ങിയിരിക്കുന്ന അപകടങ്ങളെ ഇല്ലാതാക്കുനുള്ള സംവിധാനവുമായി എത്തിയിരിക്കുകയാണ് തൃശൂർ ആര്യമ്പാടം സർവോദയ സ്‌കൂളിലെ നന്ദ കിഷോറും ആദിത്യനും. വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചം ഓട്ടമറ്റികായി കുറക്കാനും, വളവിലെ അപകടങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങളാണ് വിദ്യാർത്ഥികൾ കോട്ടമൈതാനത്തെ വൊക്കേഷണൽ എക്സ്‌പോ സ്‌കിൽ ഫെസ്റ്റിൽ അവതരിപ്പിച്ചത്. വളവിലെ അപകടം കുറയ്ക്കുന്നതിനുള്ള ആന്റി കർവ് ഡിറ്റക്ടറിന്റെ പ്രധാന ഘടകം ലൈറ്റ് ഡിറ്റക്ടറാണ്. ഇതിനായി വളവുകളിൽ നിശ്ചിത ദൂരത്തിൽ മൂന്ന് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾ എതിർ ദിശയിൽ വരുന്നുണ്ടെങ്കിൽ ആദ്യം പച്ച നിറത്തിൽ ലൈറ്റ് കത്തും. കുറച്ചു കൂടി മുന്നോട്ട് പോകുമ്പോൾ മഞ്ഞ നിറത്തിൽ ലൈറ്റ് കത്തും. അടുത്തെത്തിയാൽ ചുവപ്പ് നിറത്തിലും. സോളാർ പാനൽ ഉപയോഗിച്ചുള്ള പ്രവർത്തനമാണിവയുടേത്. കൂടാതെ മദ്യപിച്ചുള്ള ഡ്രൈവിംഗിനും ഈ സിസ്റ്റം സ്റ്റോപ്പ് ഇടുന്നുണ്ട്. ലൈറ്റ് സെൻസർ ഉപയോഗിച്ച് എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് തെളിച്ചം കൂടുതലാണെങ്കിൽ അത് ഓട്ടമാറ്റികായി കുറയ്ക്കും. രാത്രി കാലങ്ങളിലെ ഡ്രൈവിംഗിന് ഏറെ സഹായകമാണ് ഈ സംവിധാനം. ഇതെല്ലാം പ്രാവർത്തികമായാൽ നിരത്തിലെ അപകടങ്ങൾ കുറക്കാനാകുമെന്ന വിശ്വാസത്തിലാണ് ഇരുവരും. പ്ലസ് ടു വിദ്യാർത്ഥികളാണ്. പ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു.