പ്രമാടം : രാഷ്ട്രപതിയും പ്രധാന മന്ത്രിയും ഉൾപ്പടെ എത്തിയതിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിലൂടെയുള്ള റോഡ് സ്ഥിരം അപകടക്കെണിയാകുന്നു. കോന്നി - ചന്ദനപ്പള്ളി റോഡാണ് ഇതുവഴി കടന്നുപോകുന്നത്. നിർമ്മാണത്തിലെ അശാസ്ത്രീയതയും വാഹനങ്ങളുടെ മരണപ്പാച്ചിലും കാരണം കഴിഞ്ഞ ആറ് മാസത്തിനിടെ ചെറുതും വലുതുമായ നാൽപ്പതോളം അപകടങ്ങളാണ് ഇവിടെ നടന്നത്. കോന്നിയിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്കുള്ള എളുപ്പവഴികൂടിയായ ഈ റൂട്ടിൽ രാത്രിയിലും പകലും വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊടുമൺ, അടൂർ, പന്തളം ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും എളുപ്പവഴിയായി ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പായുന്ന ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ വലിയ സുരക്ഷാ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മൂടിയില്ലാതെ പായുന്ന ലോറികളിൽ നിന്നും പറക്കുന്ന പാറപ്പൊടി പിന്നാലെ എത്തുന്ന വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ്.

..........................................

അപകട കാരണം

പാടത്തിന് നടുവിലൂടെ മണ്ണിട്ട് ഉയർത്തി ടാർ ചെയ്ത റോഡ് ഇരുത്തിയതും കാടുകയറി കിടക്കുന്ന ഇരുവശങ്ങളിലെയും മൂടിയില്ലാത്ത ഓടകളുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് ഡ്രൈവർമാർ പറയുന്നുണ്ടെങ്കിലും അമിത വേഗതയും മത്സര ഓട്ടവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് ടിപ്പർ ലോറികൾ ഉൾപ്പടെ തലങ്ങും വിലങ്ങും പായുന്നത്. തിരക്കേറിയ റോഡായിട്ടും ഇവിടെ വേഗത നിയന്ത്രണത്തിന് യാതൊരുവിധ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളുമില്ല. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കൻ ഇന്റർലോക്ക് പാകിയ ഭാഗം ഇരുത്തിയ നിലയിലാണ്. യഥാസമയം ഇളക്കി സ്ഥാപിക്കാത്തതിനാൽ ഇന്റർലോക്കിന്റെ ഗ്രിപ്പും നഷ്ടമായി. ഇവിടെ തുടർച്ചയായി പൈപ്പ് പൊട്ടുന്നതും വലിയ പ്രതിസന്ധിസൃഷ്ടിക്കുന്നുണ്ട്.

............................................................................

6 മാസത്തിനിടെ 40 അപകടങ്ങൾ

..........................

സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ യാത്ര പാടില്ല, ലോഡ് കയറ്റി പോകുന്ന വാഹനങ്ങളുടെ മുകൾ വശം പടുത ഉപയോഗിച്ച് മൂടണം തുടങ്ങിയ കർശന നിർദ്ദേശമുണ്ടെങ്കിലും ഈ റൂട്ടിൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല.

(പ്രദേശവാസികൾ)​