തിരുവല്ല : സംസ്ഥാനത്ത് 10,002 കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികളായതായി മന്ത്രി കെ രാജൻ. ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. നാലര വർഷത്തിനുള്ളിൽ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 4,13,000 പട്ടയം വിതരണംചെയ്തു. രാജ്യത്ത് അതിദരിദ്ര്യരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറി. 2031ൽ തർക്കരഹിത ഭൂമിയുള്ള കേരളത്തെ സൃഷ്ടിക്കും. ലോകത്തിനു മാതൃകയാണ് ഡിജിറ്റൽ സർവേ. 532 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കി. സംസ്ഥാനത്ത് 27ലക്ഷം ഹെക്ടർ ഭൂമി ഉപയുക്തമാണ്. ഇതിൽ എട്ടരലക്ഷം ഹെക്ടർ ഭൂമി രണ്ടുവർഷം കൊണ്ട് 65ലക്ഷം ലാൻഡ് പാഴ്സലുകളിലൂടെ അളവ് പൂർത്തിയാക്കി. ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ എല്ലാ വില്ലേജുകളിലും ഭൂമിയുടെ ക്രയവിക്രയങ്ങൾ പരിഹരിക്കാൻ ഒരു സർവേയറും ഒരു ആർ.ടി.കെ റോവർ മെഷീനും അധികമായി നൽകും. ഭൂമിയുടെ കൃത്യത ഉറപ്പുവരുത്താൻ കേന്ദ്രീകൃത ലാൻഡ് ഡേറ്റ ഡേയ്സ് കേരളം രൂപീകരിക്കും. ഭൂമിസംബന്ധമായ എല്ലാരേഖകളും ഓൺലൈനിൽ ലഭിക്കാൻ സെൻട്രലൈസ്ഡ് ഡേറ്റ ബാങ്ക് രൂപീകരിച്ചു. എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഭൂരഹിതരില്ലാത്ത കേരളം എന്ന ആശയത്തിന് പട്ടയമേള കൂടുതൽ കരുത്ത് പകരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി വീണാ ജോർജ് അധ്യക്ഷയായി.
24 പട്ടയങ്ങൾ വിതരണം ചെയ്തു
തിരുവല്ലയിൽ നടന്ന ജില്ലാതല പട്ടയമേളയിൽ 24 പട്ടയങ്ങൾ വിതരണംചെയ്തു. തിരുവല്ല താലൂക്കിലെ 13കുടുംബങ്ങൾക്കും, മല്ലപ്പള്ളിയിൽ 9 കുടുംബങ്ങൾക്കും കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ ഓരോ കുടുംബങ്ങൾക്കും മന്ത്രി വീണാ ജോർജിന്റെയും മാത്യു ടി.തോമസ് എം.എൽ.എയുടെയും നേതൃത്വത്തിൽ പട്ടയങ്ങൾ വിതരണം ചെയ്തു. നഗരസഭാദ്ധ്യക്ഷ അനുജോർജ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജ്യോതി ബി,തഹസിൽദാർ ജോബിൻ കെ.ജോർജ്, തഹസിൽദാർ ഭൂരേഖ സജീവ് എസ്, ഡെപ്യൂട്ടി തഹസിൽദാർ ഹരിദാസ് കെ.ജി, ഡെപ്യൂട്ടി തഹസിൽദാർ ബിജുമോന്.പി എന്നിവർ പ്രസംഗിച്ചു.