01-dcc

പത്തനംതിട്ട : ഇന്ദിരാഗാന്ധി അസാമാന്യ ധീരതയും ഇച്ഛാശക്തിയും ആർജ്ജവത്വവുമുള്ള നേതാവായിരുന്നുവെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ 41ാം രക്തസാക്ഷിത്വ വാർഷികം, മുൻ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായി പട്ടേൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരുടെ ജന്മദിനം എന്നിവയോടനുബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനെതിരെ രണ്ട് യുദ്ധങ്ങൾ വിജയിക്കുകയും ഇന്ത്യയിലെ വിഘടനവാദികളെ അടിച്ചമർത്തുകയും ചെയ്തത് ഇന്ദിരാഗാന്ധിയുടെ ധീരതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങൾ ആണെന്നും ചേരിചേരാ രാഷ്ട്രങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് ലോക നേതാവായി വളർന്ന മഹത്തായ വ്യക്തിത്വമായിരുന്നു അവരുടേതെന്നും പ്രൊഫ. പി.ജെ. കുര്യൻ പറഞ്ഞു. ഇന്ദിരാഗാന്ധിയും സർദാർ വല്ലഭായി പട്ടേലും ഉമ്മൻ ചാണ്ടിയും കോൺഗ്രസ് പാർട്ടിക്ക് നൽകിയ സംഭാവനകൾ കാലാതീതമായി നിലനിൽക്കുമെന്നും അവരുടെ സ്മരണകൾ പ്രവർത്തകർക്ക് പ്രചോദനവും ആവേശവുമായി തുടരുമെന്നും പ്രൊഫ. പി.ജെ.കുര്യൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പഴകുളം മധു, പി.മോഹൻരാജ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, ഡി.എൻ.തൃദീപ്, കെ.ജാസിംകുട്ടി, കാട്ടൂർ അബ്ദുൾസലാം, സജി കൊട്ടയ്ക്കാട്, എസ്.വി.പ്രസന്നകുമാർ, ഷാം കുരുവിള, ജി.രഘുനാഥ്, രമാ ജോഗീന്ദർ, ജെറി മാത്യു സാ, ദീനാമ്മ റോയി, രജനി പ്രദീപ്, ശ്യാം എസ്.കോന്നി, എ.കെ.ലാലു, കെ.ജി.റെജി, തട്ടയിൽ ഹരികുമാർ, നഹാസ് പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു.