
പത്തനംതിട്ട : ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു എത്തിയ ഹെലികോപ്ടർ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ താൽക്കാലിക ഹെലിപ്പാഡിൽ താഴ്ന്നതോടെ ഉണ്ടായ വിവാദം ശമിച്ചുവെങ്കിലും ജില്ലയിൽ സ്ഥിരംസംവിധാനമായി ഹെലിപ്പാഡ് വേണമെന്ന ആവശ്യം പല കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. വി.വി.ഐ.പികളുടെ സന്ദർശനത്തിന് അപ്പുറം, ശബരിമല ഉൾപ്പെടുന്ന മലയോരജില്ലയിൽ അടിയന്തര സാഹചര്യങ്ങളെ നേരിടേണ്ടതിന്റെ ആവശ്യകതയും ഏറെയാണ്.
ദിവസങ്ങൾക്ക് മുമ്പ് രാഷ്ട്രപതി ജില്ലയിലെത്തിയപ്പോൾ സമാന സാഹചര്യമാണുണ്ടായത്. പ്രതികൂല കാലാവസ്ഥയിൽ നിലയ്ക്കൽ ഹെലിപ്പാഡ് ഉപയോഗിക്കാനായില്ല. ഈ അവസരത്തിൽ പ്രമാടത്ത് താത്കാലിക ഹെലിപ്പാഡ് നിർമ്മിക്കുകയായിരുന്നു.
ഹെലിപാഡ് കോൺക്രീറ്റ് ചെയ്ത് 12 മണിക്കൂർ തികയും മുമ്പാണ് ഹെലികോപ്ടർ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ലാൻഡ് ചെയ്തത്. ഹെലിപാഡിലെ കോൺക്രീറ്റ് പൂർണമായി ഉറയ്ക്കാനുള്ള സമയം ലഭ്യമായിരുന്നില്ല. എയർഫോഴ്‌സ് ജീവനക്കാരുടെ നിർദേശം സ്വീകരിച്ച് പൊടിയും ചെളിയും ഒഴിവാക്കി പി.ഡബ്ല്യു.ഡി കോൺക്രീറ്റ് ഹെലിപ്പാഡ് നിർമ്മിക്കുകയായിരുന്നു.
ആവശ്യകതയേറെ
ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ഹെലിപ്പാഡിന്റെ ആവശ്യകത ചെറുതല്ല. മലയോര പ്രദേശവും വനമേഖലയുമായ ജില്ലയിൽ ദുരിതാശ്വാസ സാദ്ധ്യത കണക്കിലെടുത്തുള്ള പ്രവർത്തനങ്ങൾക്കും ഹെലിപ്പാഡിന്റെ ആവശ്യകതയേറെയാണ്.
തുടക്കം തദ്ദേശിയമായി
ഹെലിപ്പാഡ് നിർമ്മാണത്തിന് തുടക്കം കുറിയ്ക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നേതൃത്വത്തിലാകും ഹെലിപ്പാഡ് നിർമ്മിക്കുക. വനമേഖലയായതിനാൽ അതിന്റേതായ നടപടികളെല്ലാം പൂർത്തീകരിക്കേണ്ടതുണ്ട്. പ്രമാടം ഇൻഡോർ സ്റ്റേഡിയം, കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട്, പന്തളം കോളേജ് ഗ്രൗണ്ട്, തിരുവല്ല സ്റ്റേഡിയം തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇതിനായുള്ള സൗകര്യമുണ്ട്.
ജില്ലയിൽ ഹെലിപ്പാഡിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്. നിരവധി വി.വി.ഐ.പികളടക്കം എത്തുന്ന ജില്ലയിൽ സ്ഥിരമായുള്ള ഹെലിപ്പാഡിന്റെ ഉപയോഗം തിരിച്ചറിയണം. നിരന്തരമായുള്ള മെയിന്റനൻസ് ഒന്നും ഹെലിപ്പാഡിന് ആവശ്യമില്ല. ഇത്തരത്തിലുള്ള വികസന പദ്ധതികൾക്ക് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ പോലും വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും.
റിട്ട. വിംഗ് കമാൻഡന്റ് അനിൽ മല്യേത്ത്