
കോന്നി : താലൂക്ക് രൂപീകരിച്ചിട്ട് 11 വർഷമായിട്ടും കോന്നിയിൽ കോടതികൾ യാഥാർത്ഥ്യമായില്ല. സിവിൽ, മജിസ്‌ട്രേറ്റ് കോടതികൾ കോന്നി താലൂക്കിൽ അനുവദിക്കാൻ ഹൈക്കോടതി ശുപാർശ നൽകിയിരുന്നു. പത്തനംതിട്ട, അടൂർ, റാന്നി കോടതികളുടെ പരിധിയിലാണ് ഇപ്പോൾ കോന്നി താലൂക്ക്. മലയോര മേഖലകളായ തേക്കുതോട്, തണ്ണിത്തോട്, കൊക്കാത്തോട് പ്രദേശങ്ങളിലുള്ളവർ കോടതി ആവശ്യങ്ങൾക്ക് പത്തനംതിട്ടയിലാണെത്തുന്നത്.
വർഷങ്ങൾക്ക് മുമ്പ് കൊല്ലം, ചെങ്ങന്നൂർ കോടതികളുടെ ഭാഗമായിരുന്നു ജില്ലയിലെ മലയോരപ്രദേശങ്ങൾ. പത്തനംതിട്ടയിൽ കോടതി വന്നതോടെ അവിടേക്ക് മാറുകയായിരുന്നു. കോന്നി, അരുവാപ്പുലം, പ്രമാടം, മലയാലപ്പുഴ, മൈലപ്ര, തണ്ണിത്തോട്, വള്ളിക്കോട് വില്ലേജുകളാണ് കോന്നി താലൂക്കിൽ ഉൾപ്പെടുന്നത്. കോഴഞ്ചേരി താലൂക്കിലായിരുന്ന കോന്നി, കോന്നി താഴം, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം, മൈലപ്ര, വള്ളിക്കോട് കോട്ടയം, അരുവാപ്പുലം, ഐരവൺ, തണ്ണിത്തോട് വില്ലേജുകളും അടൂർ താലൂക്കിലെ കലഞ്ഞൂർ, കൂടൽ വില്ലേജുകളും റാന്നി താലൂക്കിലെ സീതത്തോട്, ചിറ്റാർ വില്ലേജുകളും ഉൾപ്പെടെ 14 വില്ലേജുകൾ ഉൾപ്പെടുത്തിയാണ് താലൂക്ക് രൂപീകരിച്ചത്. തമിഴ്നാടിന്റെയും കൊല്ലം, ഇടുക്കി ജില്ലകളുടെയും അതിർത്തി പങ്കിടുന്ന താലൂക്കെന്ന പ്രത്യേകതയുണ്ട് കോന്നിക്ക്.
2014 ജനുവരി 13ന് കോന്നി താലൂക്ക് രൂപീകൃതമായി.
കോന്നിയിൽ കോടതികൾ ആരംഭിക്കാൻ സർക്കാർ നടപടികൾ ആവശ്യമാണ്.
സലിൽ വയലത്തല
മനുഷ്യാവകാശ പ്രവർത്തകൻ