44
ഉണ്യാ പള്ളത്തെ ജനകീയ ആരോഗ്യ കേന്ദ്രം

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ജനകീയാരോഗ്യ കേന്ദ്രം കാടുകയറി നശിക്കുന്നു. നാലാം വാർഡിലെ ഉണ്യാപള്ളത്താണ് കേന്ദ്രം. ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇവിടം.

നാലു മുറികളും അടുക്കളയും രണ്ട് ടോയ്ലറ്റുമുണ്ട്. കെട്ടിടത്തിന് ആറ് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. . ഗ്രാമപഞ്ചായത്തിലെ 3, 4,5,6 12 വാർഡുകളിലുള്ളവരുടെ ആശ്രയമായിരുന്നു കേന്ദ്രം . ജീവിതശൈലി രോഗങ്ങളുടെ പരിശോധന, കുട്ടികൾക്കുള്ള പോളിയോ വാക്സിൻ, ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കുമുള്ള വിറ്റാമിൻ ഗുളികകൾ എന്നിവ വിതരണം ചെയ്തിരുന്നു. ഡോക്ടർ, നഴ്സ്, മറ്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടെ മികച്ച രീതിയിലായിരുന്നു പ്രവർത്തനം. വൈകുന്നേരങ്ങളിൽ പോഷകാഹാരം പാകം ചെയ്ത് വിതരണം ചെയ്തിരുന്നു . കിടത്തിച്ചികിത്സയും ഉണ്ടായിരുന്നു. ഇപ്പോൾ ഈ സേവനങ്ങൾക്കായി നാട്ടുകാർ മൂന്ന് കിലോമീറ്റർ അകലെയുള്ള ഇരമല്ലിക്കര പി.എച്ച്. സെന്ററിനെയാണ് ആശ്രയിക്കുന്നത്. 2018ലെ പ്രളയത്തിന് മുമ്പുവരെ ആഴ്ചയിൽ ഒരുദിവസം ഡോക്ടർ എത്തി പരിശോധന നടത്തിയിരുന്നു. . പ്രളയശേഷം പ്രവർത്തനം നിലച്ചു.

ആറ് വർഷം മുമ്പ് ഭിത്തികൾ നിലനിറുത്തി മേൽക്കൂര പുനർനിർമ്മിച്ചു, ഓടുമാറി തകിട് ഷീറ്റ് സീലിംഗ് ചെയ്തു, ടൈലും പാകി. മുറ്റത്തേക്ക് ഇരുപത് അടി നീളത്തിൽ ഷീറ്റ് ഇറക്കിയിട്ടുമുണ്ട്. എങ്കിലും കട്ടിലുകളും ജനാലകളും പുതുതായി വയ്ക്കേണ്ട നിലയിലാണ്.

.

കൂനിൻമേൽ കുരുവായി മാലിന്യവും

ആരോഗ്യകേന്ദ്രത്തിന്റെ ഭാഗമായ സ്ഥലത്ത് പിന്നീട് എം.സി.എഫ് സ്ഥാപിച്ച് ഹരിതകർമ്മസേനയുടെ മാലിന്യസംഭരണകേന്ദ്രമാക്കി മാറ്റി. ആരംഭത്തിൽ മാലിന്യങ്ങൾ വേർതിരിച്ച് വാഹനങ്ങളിൽ മാറ്റിയിരുന്നെങ്കിലും പിന്നീട് നിലച്ചു. എം.സി.എഫിൽ മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുക്കുയാണ്.

ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

ആരോഗ്യ കേന്ദ്രത്തിന്റെ സംരക്ഷണത്തിന് പഞ്ചായത്ത് ഭരണസമിതി യാതൊരു സഹായവും നൽകുന്നില്ല.ഹരിത കർമ്മ സേന പ്രവർത്തകർ ശേഖരിക്കുന്ന മാലിന്യം കൂട്ടിയിടുന്ന കേന്ദ്രമായി ഇപ്പോൾ ഇത് മാറിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പരിഹാരം കാണണം.

ലിനു , പ്രദേശവാസി