
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ എക്‌സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ പത്തനംതിട്ട ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി (2) റിമാൻഡ് ചെയ്തു.
സുധീഷ് കുമാറിന് ഗൂഢാലോചനയിലും പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ദ്വാരപാലക ശിൽപങ്ങളിലെ പാളികളിൽ സ്വർണം പൊതിഞ്ഞതായി വ്യക്തമായ അറിവുണ്ടായിട്ടും ഇവ വെറും ചെമ്പ് പാളികളാണെന്ന് സുധീഷാണ് രേഖപ്പെടുത്തിയത്. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഇവ നവീകരണത്തിനായി കൊടുത്തുവിടാമെന്ന് ദേവസ്വം ബോർഡിന് തെറ്റായ ശുപാർശ കത്ത് നൽകി. പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമ്മിഷണറുടെ സാന്നിദ്ധ്യം ഉറപ്പാക്കിയില്ല. മഹസർ തയ്യാറാക്കിയപ്പോൾ സ്ഥലത്ത് ഇല്ലാത്തവരുടെ പേരുകളും ഉൾപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ അവസരമൊരുക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ദ്വാരപാലക ശിൽപങ്ങളിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ മൂന്നാം പ്രതിയും കട്ടിളപ്പാളി സ്വർണകേസിൽ അഞ്ചാം പ്രതിയുമാണ് .
ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതിയുടെ ആവശ്യം പരിഗണിച്ച് വൈദ്യസഹായം ഉറപ്പാക്കാൻ ജഡ്ജി പി. അഞ്ജലീദേവി നിർദ്ദേശം നൽകി. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോയി.നാളെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കും.