
ചെങ്ങന്നൂർ : ശബരിമല തീർത്ഥാടനം സുഗമമാക്കാനായി 415 സ്പെഷ്യൽ ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സർവീസുകൾ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ചെന്നൈ, ബാംഗ്ലൂർ, മംഗലാപുരം, തിരുപ്പതി, വിശാഖപട്ടണം, സെക്കന്ദരാബാദ്, മച്ചിലിപ്പട്ടണം, നന്ദേഡ്, ലോകമാന്യതിലക്, ഹുബ്ലി, താമ്പരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായിരിക്കും സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക.
സ്പെഷ്യൽ ട്രെയിനുകൾ കോട്ടയത്ത് അവസാനിപ്പിക്കാതെ തിരുവനന്തപുരം നോർത്ത് അല്ലെങ്കിൽ കൊല്ലം ജംഗ്ഷൻ വരെ നീട്ടാനും എല്ലാ ട്രെയിനുകൾക്കും ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിക്കാനും ആവശ്യപ്പെടുമെന്ന് എം.പി പറഞ്ഞു.
തീർത്ഥാടനകാലത്തിന് മുന്നോടിയായി ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്താൻ കൊടിക്കുന്നിൽ സുരേഷ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മാനേജർ ദിവ്യകാന്ത് ചന്ദ്രകാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഒപ്പമുണ്ടായിരുന്നു. യാത്രക്കാരുടെ തിരക്ക് നിയന്ത്രണം, ശുചിത്വം, കുടിവെള്ളം, കാത്തിരിപ്പ് മുറികൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ എം.പി പരിശോധിച്ചു.
അവലോകന യോഗം
പിൽഗ്രിം സെന്ററിൽ നടന്ന അവലോകന യോഗത്തിൽ എം.പിയുടെ അദ്ധ്യക്ഷതയിലായി റെയിൽവേ, പൊലീസ്, ദേവസ്വം ബോർഡ്, കെ.എസ്.ആർ.ടി.സി, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു. തീർത്ഥാടകർക്ക് കുടിവെള്ളം, ശൗചാലയങ്ങൾ, ചാർജിംഗ് പോയിന്റുകൾ, വിശ്രമ സൗകര്യങ്ങൾ, ഇൻഫർമേഷൻ കൗണ്ടറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ആദ്യദിനം മുതൽ പ്രവർത്തനക്ഷമമാക്കണമെന്ന് എം.പി നിർദ്ദേശിച്ചു.
പൂട്ടിയ വെജിറ്റേറിയൻ റസ്റ്റോറന്റ് അടിയന്തരമായി തുറക്കും. അധികമായി ആർ പി എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് ചെങ്ങന്നൂരിൽ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയേറെയാണ്.
കൊടിക്കുന്നിൽ സുരേഷ് എം.പി ചെങ്ങന്നൂർ
റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി
ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിൽ തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാസൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.
കൊടിക്കുന്നിൽ സുരേഷ്.എം.പി