പത്തനംതിട്ട: പ്രമുഖ മാദ്ധ്യമപ്രവർത്തകനും ചരിത്രഗവേഷകനുമായ ജോയ്സ് തോട്ടയ്ക്കാടിന് തെങ്ങുംതറയിൽ സ്ഥാപിച്ച കൊച്ചിട്ടി ഗീവർഗീസ് കോറെപ്പിസ്കോപ്പാ പ്രഥമ അവാർഡ് ലഭിച്ചു. പരിയാരം മാർ അപ്രേം ഓർത്തഡോക്സ് പള്ളി ഇടവകാംഗനായ ജോയ്സ് തോട്ടയ്ക്കാടിന് സഭാചരിത്ര ഗവേഷണ രംഗത്ത് നൽകിയ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കിയാണ് അവാർഡ് നൽകിയത്. പത്തനംതിട്ട മാക്കാംകുന്നിൽ നടന്ന കൊച്ചിട്ടി ഗീവർഗീസ് കോറെപ്പിസ്കോപ്പാ അനുസ്മരണ സമ്മേളനത്തിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്താ അവാർഡ് സമ്മാനിച്ചു. മലങ്കരസഭാ ഭരണഘടന, മലങ്കര അസോസിയേഷൻ, മലങ്കരസഭാ തർക്കം എന്നിവയുടെ ചരിത്ര രേഖകൾ ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളത് ജോയ്സ് തോട്ടയ്ക്കാടാണ്. അത് കൂടാതെ, പരുമല തിരുമേനിയും വട്ടശേരിൽ തിരുമേനിയും രചിച്ച കല്പനബുക്കുകൾ, ഡോ.പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തായുടെ രചനകളും പഠനങ്ങളും കണ്ടെത്തി പ്രസിദ്ധീകരിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഡോ.പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തായുടെ രചനകളെ സമാഹരിച്ച് പ്രചരിപ്പിച്ചതിനുള്ള അദ്ദേഹത്തിന്റെ സമഗ്ര സംഭാവന പരിഗണിച്ച് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡോ.പൗലോസ് മാർ ഗ്രീഗോറിയോസ് ചെയർ 10000 രൂപയുടെ പ്രത്യേക അവാർഡ് നൽകി ആദരിച്ചിരുന്നു.
മാദ്ധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, പ്രസാധകൻ, ഗവേഷകൻ എന്ന നിലകളിൽ പ്രശസ്തനായ 55-കാരനായ ജോയ്സ് തോട്ടയ്ക്കാട് പത്തിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നൂറിലേറെ ഗ്രന്ഥങ്ങളുടെ പ്രസാധകനുമാണ്.