റാന്നി: മാസങ്ങളായി യാത്രക്കാർക്ക് ദുരിതവും ഭീഷണിയുമായിരുന്ന അത്തിക്കയം ടൗണിലെ പഞ്ചായത്ത് കെട്ടിടത്തിന് മുന്നിലെ വളവിലെ കുഴി പൊതുമരാമത്ത് വിഭാഗം നന്നാക്കി. ഇതോടെ ഈ വളവിൽ പതിവായിരുന്ന അപകടങ്ങൾക്കും യാത്രാദുരിതത്തിനും പരിഹാരമായി. അത്തിക്കയം - മടന്തമൺ - കടുമീൻചിറ - ചെമ്പനോലി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന പാതയിൽ, വളവിന്റെ മദ്ധ്യത്തിലായാണ് വലിയ കുഴി രൂപപ്പെട്ടിരുന്നത്. പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥ കാരണം മാസങ്ങളായി ഈ കുഴി നികത്താതെ കിടന്നിരുന്നു. കുഴി ശ്രദ്ധയിൽ പെടാതെ ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിരുന്നു. മഴക്കാലത്ത് റോഡിലൂടെ കാൽനടയാത്ര പോലും അസാദ്ധ്യമായിരുന്നു. ഇതു സംബന്ധിച്ച് കേരള കൗമുദി മുമ്പ് വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
താത്കാലിക പരിഹാരം വിനയായി
മുമ്പ് കുഴിയിൽ അൽപ്പം മെറ്റൽ പാകി താത്കാലികമായി നന്നാക്കാൻ ശ്രമിച്ചെങ്കിലും, മഴയിൽ ഇത് ഒലിച്ചുപോവുകയും വാഹനങ്ങൾ കയറി ഇറങ്ങി മറ്റു ഭാഗങ്ങളിലേക്ക് തെറിച്ചു വീഴുകയും ചെയ്തതോടെ ജനങ്ങൾക്ക് കൂടുതൽ ദുരിതമാവുകയായിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം താത്കാലിക നടപടികൾ അവസാനിപ്പിച്ച് കുഴി പൂർണമായും നികത്തണമെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് പൊതുമരാമത്ത് വിഭാഗം ഇന്നലെ ഉച്ചയോടെ റോഡ് അറ്റകുറ്റപ്പണികൾ നടത്തി കുഴി പൂർണമായും നികത്തി. ഇതോടെ ഈ ഭാഗത്തെ യാത്ര സുരക്ഷിതമാവുകയും അപകട സാദ്ധ്യ ഒഴിവാവുകയും ചെയ്തതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികളും യാത്രക്കാരും.