
പത്തനംതിട്ട: അഴിമതിയെന്ന് ആക്ഷേപമുയർന്ന പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയാക്കാതെ കരാർ കമ്പനിക്ക് മുഴുവൻ തുകയും കൈമാറി. പ്ലാച്ചേരി - കോന്നി 30 കി.മി റീച്ചിന്റെ നിർമ്മാണം ഏറ്റെടുത്ത ഇ കെ കെ കമ്പനിക്കാണ് തുക നൽകിയത്. പാത നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ച് പരാതികൾ നൽകിയ അനിൽകുമാർ കാറ്റാടിക്കലിന് കെ.എസ്.ടി.പിയിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 318 കോടി രൂപയാണ് കമ്പനിക്ക് നൽകിയത്.
പ്ലാച്ചേരി - കോന്നി റീച്ചിൽ റാന്നിയിലും മന്ദമരുതിയിലും പാർക്കിംഗ് ഏരിയ, ഓടകൾ, കൈവരികൾ, അപകട മുന്നറിയിപ്പ് ബോർഡുകൾ, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കാനുണ്ട്.
2022 ആഗസ്റ്റ് മുതൽ 2027 ആഗസ്റ്റ് ഒൻപത് വരെ അഞ്ചു വർഷമാണ് റോഡിന്റെ ഗ്യാരന്റി പിരീഡ്. അതിനു മുമ്പ് മുഴുവൻ തുകയും നൽകിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിർമ്മാണം പൂർത്തിയായ പ്ലാച്ചേരി - പൊൻകുന്നം റീച്ചും കോന്നി - പുനലൂർ റീച്ചും നിർമ്മിച്ച കമ്പനികൾക്ക് തുക പൂർണമായും നൽകിയിട്ടില്ല.
കല്ലും മണ്ണും ലേലം ചെയ്തില്ല
റോഡ് നിർമ്മാണത്തിൽ അവശേഷിച്ച സർക്കാർ ഉടമസ്ഥതയിലുള്ള കല്ലും മണ്ണും പത്തു യാർഡുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. കരാർ പുതുക്കാത്തതു കാരണം ഇവ ലേലം ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. 20 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്. മണ്ണും കല്ലും ലേലം ചെയ്ത് ഈ തുക കണ്ടെത്താൻ കഴിയാത്ത പക്ഷം കമ്പനിയിൽ നിന്ന് ഈടാക്കുമെന്നാണ് കെ.എസ്.ടി.പി പറയുന്നത്.
പുറമ്പോക്ക് ഭൂമിയിൽ നിന്ന് ഇടിച്ചെടുത്ത കല്ലിന്റെയും മണ്ണിന്റെയും കണക്ക് കെ.എസ്.ടി.പി എടുത്തിട്ടില്ല. അതിനാൽ എസ്റ്റിമേറ്റ് തുകയിൽ നിന്ന് പണം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല.
അപാകതകൾ ഏറെ
ഇരുപത് വർഷം മുമ്പ് 11.2 മീറ്റർ മുതൽ 23.28 മീറ്റർ വരെ ഭൂമിയാണ് ഉടമകളിൽ നിന്ന് സർക്കാർ വില കൊടുത്തു വാങ്ങിയത്. എന്നാൽ ഈ സ്ഥലം പൂർണമായി റോഡിനായി വിനിയോഗിച്ചിട്ടില്ല. നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം. പല സ്ഥലങ്ങളിലും വീതിയിൽ കുറവുണ്ട്. കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണത്തിലടക്കം വൻ അഴിമതി നടന്നതായി ആക്ഷേപമുയർന്നിരുന്നു. ഒരു കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമ്മാണ ചെലവ് 8.29 ലക്ഷമാണ്. എന്നാൽ, കരാർ പ്രകാരമുള്ള സംവിധാനങ്ങളില്ല. ഉതിമൂട്ടിലെ കനാൽ പാലത്തിന് താഴെ കൂടി കടന്നു പോകുന്ന റോഡിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്ന് ആക്ഷേപമുയർന്നിരുന്നു. കനാലും റോഡും തമ്മിലുള്ള ഉയരം കേവലം 4.2 മീറ്റർ മാത്രം. അതിനാൽ ഭാരം കയറ്റിയ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ടാണ്.
നൽകിയത് 318 കോടി