പരുമല: സാമൂഹിക സമത്വം, സമാധാനം, നീതി എന്നിവയ്ക്കായി ജീവിതം സമർപ്പിച്ച വിശുദ്ധനായിരുന്നു പരുമല തിരുമേനിയെന്ന് പരിസ്ഥിതി - സാമൂഹിക പ്രവർത്തക മേധാ പട്കർ പറഞ്ഞു. പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച തീർത്ഥാടന വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അവർ. “സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ലഹരിമുക്ത സമൂഹത്തിനുമായി ഉണർന്നു പ്രവർത്തിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ദീർഘവീക്ഷണമില്ലാത്ത നിർമ്മാണപ്രവർത്തനങ്ങൾ ഭാവിയിൽ പരിസ്ഥിതി സന്തുലനാവസ്ഥ തകർക്കും. ഭൂമിയുടെയും സമൂഹത്തിന്റെയും നിലനിൽപ്പിനായി യുവാക്കളും സ്ത്രീകളും മുന്നിട്ടിറങ്ങണം. പരുമല തിരുമേനിയുടെ സാമൂഹിക കാഴ്ചപ്പാട് ഇന്നും പ്രചോദനമാണെന്നു മേധാ പട്കർ പറഞ്ഞു. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തീർത്ഥാടനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. “തീർത്ഥാടനത്തിന്റെ ശാന്തതീരം തന്റെ ജീവിതത്തിൽ കണ്ടെത്താൻ പ്രവർത്തിച്ച പിതാവായിരുന്നു പരുമല തിരുമേനിയെന്ന് ബാവാ പ്രസ്താവിച്ചു. നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷനായിരുന്നു. എത്യോപ്പിയൻ ഓർത്തഡോക്സ് സഭയുടെ ഗുറെജ് ആർച്ച് ബിഷപ് ആബൂനെ മൽക്കിസദെക്ക് മുഖ്യാതിഥിയായിരുന്നു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം മത്തായി ടി. വർഗീസ്, പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ മാത്യു ഉമ്മൻ അരികുപുറം, പി.എ. ജോസ് പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.