ചെങ്ങന്നൂർ : പരുമല തീർത്ഥാടനത്തോടനുബന്ധിച്ച് നഗരസഭാ പ്രദേശത്ത് ആരോഗ്യ വിഭാഗം മെഗാ ശുചീകരണം നടത്തി. മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഹരിത കർമ്മസേന നിർമ്മിച്ച ഓല കൊണ്ടുള്ള വല്ലങ്ങൾ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നേരത്തെ സ്ഥാപിച്ചിരുന്നു. പ്രധാന സ്ഥലങ്ങൾ എല്ലാം തീർത്ഥാടകർക്ക് സ്വാഗതമോതുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെയുള്ള പ്രചരണ ബോർഡുകളും നഗരസഭ സ്ഥാപിച്ചിരുന്നു. ഹരിത കർമ്മസേന, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ ചുമതലയുള്ള സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.നിഷയുടെ നേതൃത്വത്തിലാണ് മെഗാ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. റോഡരികളിൽ നിക്ഷേപിച്ച പ്ലാസ്റ്റിക് കുപ്പികൾ, പേപ്പർ കപ്പുകൾ എന്നിവയടക്കമുള്ള സാധനങ്ങൾ അതാത് സമയങ്ങൾ തന്നെ ശുചീകരിച്ചാണ് നഗരസഭയുടെ ആരോഗ്യവിഭാഗം മാതൃകയായത്. കരുവേലിപ്പടി മുക്കത്ത് കുടുംബയോഗ ഹാളിൽ നഗരസഭയുടെ സേവനകേന്ദ്രവും കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ എയ്ഡ് പോസ്റ്റും പ്രവർത്തിച്ചിരുന്നു. നഗരസഭയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് നഗരസഭ ചെയർപേഴ്സൺ അഡ്വ.ശോഭാ വർഗീസ് , വൈസ് ചെയർമാൻ കെ.ഷിബുരാജൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കുമാരി എന്നിവർ നേതൃത്വം നൽകി. നഗരസഭയുടെ മെഗാ ശുചീകരണം ഇന്നും തുടരുമെന്ന് സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.നിഷ അറിയിച്ചു.-