panchayath-
കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിലെ സ്ഥൂപത്തിന് മുൻപിൽ സിപിഎം പ്രവർത്തകർ കൊടി സ്ഥാപിക്കുന്നു

കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നിലെ സൈറൺ സ്ഥാപിക്കാൻ നിർമ്മിച്ച കോൺക്രീറ്റ് സ്തൂപം പൊളിച്ചു മാറ്റാൻ തുടങ്ങിയത് സി.പി.എം പ്രവർത്തകർ തടഞ്ഞു. 10 വർഷങ്ങൾക്കു മുൻപ് യു.ഡി.എഫ് ഭരണസമിതി സൈറൺസ്ഥാപിക്കാനായി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ മരത്തിന്റെ രൂപത്തിൽ കിളിക്കൂടും ശിഖരങ്ങളും കോൺക്രീറ്റിൽ നിർമ്മിച്ച അതിൽ സൈറൺ സ്ഥാപിക്കുവാൻ പദ്ധതി തയാറാക്കിയിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പിൽ ആയിരുന്നു അന്ന് സൈറൺ സ്ഥാപിക്കുവാൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന യു.ഡി.എഫ്ഭരണ സമിതി ഇത് ഉപേക്ഷിക്കുകയായിരുന്നു . ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് സ്തൂപം പൊളിച്ചു മാറ്റുവാൻ നടപടി സ്വീകരിച്ചത്. എന്നാൽ പഞ്ചായത്ത് പ്രോജക്ടിൽ ഇല്ലാതെ നിർമ്മിച്ച സ്തൂപം പൊളിച്ചു മാറ്റാൻ പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം പ്രവർത്തകർ സ്തൂപം പൊളിക്കുന്നത് തടഞ്ഞത്. ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി. രാജേഷ് കുമാർ, കെ.എസ്. സുരേശൻ, ഗ്രാമ പഞ്ചായത്തംഗം കെ. ജി. ഉദയകുമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ.ടി.സതീഷ്, എ.എസ്. ഷിജു, ലൈജു വർഗീസ്, അജയകുമാർ, ഷാജഹാൻ, അനീഷ് , ബ്രാഞ്ച് സെക്രട്ടറി ഷാഹീർ പ്രണവം എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിനാട്ടിയത്.