ആറന്മുള : അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായെന്ന് പള്ളിയോട സേവാ സംഘം പൊതുയോഗം. തന്ത്രി നിർദ്ദേശിച്ച പരിഹാരക്രിയകൾ വൈകാതെ പൂർത്തിയാക്കാനും ഇന്നലെ കൂടിയ പൊതുയോഗം നിർദ്ദേശിച്ചു. ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന പള്ളിയോട സേവാസംഘം നേതൃത്വത്തിന്റെ തീരുമാനത്തെ പാടെ തള്ളുന്നതാണ് പൊതുയോഗ തീരുമാനം. ഉരുളി വച്ച് എണ്ണാപണ സമർപ്പണം, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം , ആചാര ലംഘനം ഉണ്ടാവില്ലെന്ന് പ്രതിജ്ഞ ചെയ്യൽ , പതിനൊന്നുപറ അരിയുടെ സദ്യ എന്നിവയാണ് പരിഹാരമായി തന്ത്രി നിർദ്ദേശിച്ചിട്ടുള്ളത്. വൃശ്ചികമാസത്തിന് മുൻപ് എണ്ണാപ്പണ സമർപ്പണവും വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും നടത്തണമെന്ന് തന്ത്രി നിർദേശിച്ചിട്ടുണ്ട്. പരിഹാരമായുള്ള സദ്യ നടത്തുന്നത് സംബന്ധിച്ച് വള്ള സദ്യ നിർവഹണ സമിതിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ പള്ളിയോട സേവാസംഘ സെക്രട്ടറിയെ പൊതുയോഗം ചുമതലപ്പെടുത്തി. അഷ്ടമി രോഹിണി ദിവസം ക്ഷേത്രത്തിൽ ദേവന് നിവേദിക്കും മുൻപ് സദ്യ വിളമ്പിയത് സംബന്ധിച്ച് വിവാദം ഉണ്ടായിരുന്നു. മന്ത്രി വാസവൻ ഉൾപ്പെടെയുള്ളവർ സദ്യ കഴിച്ചത് ആചാരലംഘനമാണെന്ന ആരോപണം ഉയർന്നപ്പോൾ പള്ളിയോട സേവാസംഘം നേതൃത്വം ഇത് നിഷേധിക്കുകയായിരുന്നു . ദേവസ്വം അധികൃതർ നല്കിയ വിവരത്തെ തുടർന്ന് തന്ത്രി ആചാരലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ചതോടെ കൂടുതൽ വിവാദമാവുകയായിരുന്നു . ഈ വിവാദങ്ങൾ അവസാനിപ്പിച്ച് പരിഹാര മാർഗങ്ങൾ പള്ളിയോട സേവാ സംഘം നേതൃത്വത്തിൽ ചെയ്യാനാണ് പള്ളിയോട സേവാ സംഘം പൊതുയോഗ തീരുമാനം.