
റാന്നി: ജലമിത്ര പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പരിശോധനാ ലാബുകൾ ആരംഭിക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. റാന്നി മണ്ഡലത്തിലെ ജലസംരക്ഷണം ലക്ഷ്യമാക്കി എംഎൽഎ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയായ ജലമിത്രയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. . ഹരിതകേരള മിഷന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ജല ക്ലബുകൾ രൂപീകരിക്കും. വിദ്യാർത്ഥികളിൽ ജലസാക്ഷരതയും ജലസംരക്ഷണ പ്രവർത്തനങ്ങളിൽ അവബോധവും പ്രകൃതിവിഭവ പരിപാലനവും ലക്ഷ്യമാക്കിയാണ് ക്ലബുകൾ രൂപീകരിക്കുന്നത്'. ജല ക്ലബുകളുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷന്റെയും ഭൂഗർഭ ജലവകുപ്പിന്റെയും സഹകരണത്തോടെ മൊബൈൽ ജല പരിശോധനാ ലാബുകൾ ഉപയോഗിച്ചുകൊണ്ട് ജലഗുണ നിലവാര പരിശോധനയും ജനകീയ ക്യാമ്പയിനും സംഘടിപ്പിക്കും. സംസ്ഥാന ഭൂ വിനിയോഗ വകുപ്പിന്റെ നേതൃത്വത്തിൽ 16 സർക്കാർ വകുപ്പുകളാണ് ജലമിത്രയിൽ ഭാഗമാകുന്നത്. ജലമിത്ര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള അവലോകനയോഗം കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്നു. ജലക്ഷാമം ലഘൂകരിക്കുന്നതിനായി ഭൂ ജല വിനിയോഗ വകുപ്പ്, ജല വിഭവ വകുപ്പ്, ഇറിഗേഷൻ വകുപ്പുകൾ, കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ഹരിത കേരള മിഷൻ, കുടുംബശ്രീ, സോഷ്യൽ ഫോറസ്റ്റ്, ഫിഷറീസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെയുള്ള 16 വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നേരത്തെ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചിരുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിലുള്ള ഫീൽഡ് വിസിറ്റ് കണ്ടെത്തലുകളും പൂർത്തീകരിച്ചു. രണ്ടാംഘട്ടമായ ബോധവത്കരണ പ്രവർത്തനങ്ങളും പങ്കാളിത്തപരമായ ജല സംരക്ഷണ രീതികളും പുരോഗമിക്കുകയാണ്. .
1 കേരള വാട്ടർ അതോറിട്ടിയുടെ ജലഗുണനിലവാര ക്യാമ്പയിനായി ഫീൽഡ് തല ജല പരിശോധന കിറ്റ് ലഭ്യമാക്കും.
2 .കുടുംബശ്രീയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് ശീതകാല പച്ചക്കറി തൈകൾ ക്രിസ്മസ് സമ്മാനമായി വിതരണം ചെയ്യും
3 ജല സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബുകൾ സംഘടിപ്പിക്കും.
4 ഭൂഗർഭജല വകുപ്പിന്റെ നേതൃത്വത്തിൽ മേൽക്കൂര മഴവെള്ള സംഭരണികൾ സ്ഥാപിക്കുന്നതിന് ബോധവത്കരണ ക്ലാസുകൾ നടത്തും
5 മണ്ണ് സംരക്ഷണ മണ്ണ് സർവേ വകുപ്പ് മണ്ഡലത്തിലെ പ്രകൃതിദത്ത നീരുറവകൾ നവീകരിക്കുകയും മൈക്രോ വാട്ടർ പദ്ധതികൾ ഏറ്റെടുക്കുകയും ചെയ്യും.