dd

പത്തനംതിട്ട : ജില്ലയിലെ ആദ്യ ഇ ലൈബ്രറി നഗരസഭാ ലൈബ്രറിയിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പുരോഗമന സമൂഹത്തിന് ഒഴിച്ചുകൂടാനാകാത്ത സാംസ്‌കാരിക ഇടമാണ് ഗ്രന്ഥശാലകളെന്ന് അദ്ദേഹം പറഞ്ഞു.

ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി ആനന്ദൻ, ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ, കൗൺസിലർമാരായ ആർ സാബു, അഡ്വ.എ സുരേഷ് കുമാർ, വിമല ശിവൻ, ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കാശിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.ലൈബ്രറിയിൽ നിന്ന് ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് ഇ ലൈബ്രറിയിൽ ലോഗിൻ ചെയ്യേണ്ടത്. ഇത് ഉപയോഗിച്ച് സ്വന്തം മൊബെൽ ഫോണിലോ കമ്പ്യൂട്ടറിലോ പുസ്തകങ്ങൾ ലഭിക്കും. അടുത്ത ഘട്ടമായി ഓൺലൈൻ വായനാ സൗകര്യവും ഉറപ്പാക്കും. ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ലൈബ്രറിയായി മാറിയ പത്തനംതിട്ട നഗരസഭാ ഗ്രന്ഥശാലയിൽ അലമാരകളിൽ തെരയാതെ പുസ്തകങ്ങൾ കണ്ടെത്താനുള്ള സൗകര്യം നേരത്തേ സജ്ജമാക്കിയിരുന്നു.