gracious
ഗ്രേഷ്യസ്

മല്ലപ്പള്ളി: ഇത്തവണ ക്രിസ്മസിന്റെ ശാന്തിദൂതുമായി നാലാംക്ളാസുകാരിയുടെ ആലാപന മാധുരിയുമുണ്ടാകും. തിരുപ്പിറവിയുടെ സന്ദേശവുമായി തയ്യാറാക്കുന്ന ഗാനത്തിന് വേറിട്ട സ്വരമാധുരി പകരുന്നത് പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂളിലെ ഗ്രേഷ്യസാണ്. കോട്ടയം പത്തനാട് ഇടയപ്പാറ നവോമി ഓഡിയോ ഡിജിറ്റൽ സ്റ്റുഡിയോയുടെ ബാനറിൽ നവംബർ 14ന് ഗാനം യൂട്യൂബിൽ റിലീസ് ചെയ്യും. 'ക്രിസ്തുയേശു ജാതനായ് ' എന്നുതുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയത് സന്തോഷ് കങ്ങഴയാണ്.

മല്ലപ്പള്ളി കിഴക്കയിൽ കുടുംബാംഗവും അമേരിക്കയിൽ സ്ഥിര താമസക്കാരനുമായ കിഴക്കയിൽ ഇട്ടി മാത്യുവാണ് (അനിയൻ) ഗാനരചന. പ്രൊഡ്യൂസറും അദ്ദേഹം തന്നെ. ഗാനത്തിന് വ്യത്യസ്തമായ ആലാപന മികവ് വേണമെന്നതിനാലാണ് ഗ്രേഷ്യസിനെ തിരഞ്ഞെടുത്തത്.

കോട്ടയം അഞ്ചേരി കക്കുഴിയിൽ പുത്തൻപറമ്പിൽ ഷിബു സ്‌കറിയയുടെയും ജാൻസിയുടെയും ഇളയ മകളാണ്. മറ്റു രംഗങ്ങളിലും ഗ്രേഷ്യസ് പ്രതിഭ തെളിയിച്ചിട്ടുണ്ട്. സ്പീഡ് ക്വാഡ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം വർഷവും ജില്ലാ തലത്തിൽ മെഡൽ നേടി . സ്‌കൂൾ, ഇന്റർസ്‌കൂൾ, സബ് ഡിസ്ട്രിക്റ്റ് തലത്തിൽ സംഗീതത്തിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പെയിന്റിംഗിലും ഒറിഗാമി വർക്കിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‌കൂളിലെ സംഗീത അദ്ധ്യാപികയായ ഡെയ്‌സിയാണ് സംഗീതത്തിൽ പരിശീലനം നൽകുന്നത്. സ്‌കൂളിലെ ഗായകസംഘത്തിന് നേതൃത്വം നൽകുന്നതും ഗ്രേഷ്യസാണ് കാംബോജി സംഗീതത്തിലും ദേശഭക്തിഗാനത്തിലും കോട്ടയം സബ് ജില്ലാ തലത്തിൽ വിജയിച്ചിട്ടുണ്ട്.