തിരുവല്ല : നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക്ശങ്ക തീർക്കണമെങ്കിൽ പാടുപെടും.
ടോയ്ലെറ്റ് സംവിധാനമില്ലാത്തതാണ് യാത്രക്കാരെയും സ്വകാര്യ ബസ് ജീവനക്കാരെയും കുഴയ്ക്കുന്നത്.
സ്വകാര്യ ബസ് സ്റ്റാൻഡിൽ ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് വന്നുപോകുന്നത്. ഇവർക്ക് ആവശ്യമായ വൃത്തിയുള്ള ടോയിലെറ്റ് സംവിധാനം ഒരുക്കിനൽകാൻ കഴിയുന്നില്ലന്ന പരാതി വ്യാപകമാണ്. നഗരസഭയിലെ പൊതുയിടങ്ങൾ സ്ത്രീസൗഹാർദ്ദമാകണമെന്ന സർക്കാരിന്റെ പ്രത്യേക നിർദ്ദേശങ്ങൾക്കും പുല്ലുവില കൽപ്പിക്കുകയാണ് നഗരസഭാധികൃതർ. ഇവിടെ വരുന്ന യാത്രക്കാരിൽ ഏറെയും സ്ത്രീകളായിട്ടും ടോയ്ലെറ്റ് നിർമ്മിക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമാണ്. റെയിൽവേ സ്റ്റേഷനിൽനിന്ന് വരുന്നവരും ബസ് ജീവനക്കാരും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഏറെ പ്രയാസപ്പെടുകയാണ്. അടുത്തകാലത്ത് ബസ് പാർക്കിംഗ് യാർഡ് നവീകരിച്ചെങ്കിലും സ്വകാര്യ ബസ് സ്റ്റാൻഡിന്റെ സ്ഥിതി അതീവ ദയനീയമാണ്. ടോയ്ലെറ്റ് പ്രവർത്തിക്കാത്തത് മൂലം പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഹോട്ടലിൽ മുറിയെടുക്കേണ്ട സ്ഥിതിയാണ്.
പ്രഖ്യാപനം കടലാസിൽ
സ്വകാര്യ ബസ്റ്റാൻഡിന്റെ രൂപമാറ്റം വരുത്തി വലിയ ടോയ്ലെറ്റ് ബ്ലോക്ക് ഉൾപ്പെടെ നിർമ്മിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. ഇവിടെ അന്തിച്ചന്ത പണിയുന്ന പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടു. കംഫർട്ട് സ്റ്റേഷൻ പൊളിച്ചപ്പോൾ തൊട്ടടുത്തുളള ഓപ്പൺ സ്റ്റേജിനോടുചേർന്ന് ടോയ്ലെറ്റ് പണിയാനുള്ള നീക്കം എതിർപ്പിനെതുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു. ബസ് സ്റ്റേഷന്റെ പുതുക്കിപ്പണിയൽ ഇതുവരെ തുടങ്ങിയിട്ടുമില്ല. രാത്രികാലങ്ങളിൽ ഇവിടെ വരുന്നവർ ബസ് സ്റ്റാൻഡിന്റെ പലഭാഗത്തും മലമൂത്ര വിസർജനം നടത്തുന്നതിനാൽ പ്രദേശമാകെ ദുർഗന്ധവും രൂക്ഷമാണ്. ബസ് സ്റ്റാൻഡിനോട് ചേർന്ന് വെള്ളക്കെട്ടും ഉണ്ട്. മഴക്കാലത്ത് കൊതുകുകളും ഈച്ചകളും പെരുകുന്നിനും പകർച്ചവ്യാധികൾ ഉണ്ടാകുന്നതിന് സാദ്ധ്യത ഏറെയാണ്.
..................................................
സ്വകാര്യ ബസ് സ്റ്റാൻഡ് വർഷംതോറും കൂടിയ തുകയ്ക്ക് ലേലത്തിന് പോകുന്നതല്ലാതെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ നഗരസഭ തയാറാകുന്നില്ല.
(ബസ് ജീവനക്കാർ)
..................................................
പണം നൽകിയെങ്കിലും ഉപയോഗിക്കാവുന്നതും മുഴുവൻ സമയവും പ്രവർത്തിക്കുന്ന വൃത്തിയുള്ള ടോയ്ലെറ്റ് ബസ് സ്റ്റാൻഡിൽ ഒരുക്കണം.
(യാത്രക്കാർ)