കൂടൽ : കൂടൽ - പുന്നമൂട് റോഡ് പൊട്ടിപൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളുകളായിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നു. റോഡിൽ പലയിടത്തും കുഴികളും ഗർത്തങ്ങളും രൂപപ്പെട്ട നിലയിലാണ്. ജനവാസ മേഖലയായതിനാൽ റോഡിന്റെ തകർച്ച മൂലം ജനങ്ങൾ വലിയ യാത്രാ ദുരിതമാണ് നേരിടുന്നത്.നിരവധി തവണ ജനപ്രതിനിധികളോടും പഞ്ചായത്ത് ഭരണസമിതിയോടും പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കുന്നില്ലന്നതാണ് നാട്ടുകാരുടെ പരാതി. ഇരുചക്ര വാഹനങ്ങൾ പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്. കൂർത്ത കല്ലുകൾ പലയിടത്തും ഉയർന്നു നിൽക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ പഞ്ചറാകുന്നതും പതിവാണ്. അധികൃതർ ഇടപെട്ട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.