
പത്തനംതിട്ട : കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തി വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. അയിരൂർ സ്വദേശി കവിതയെ കൊലപ്പെടുത്തിയ കേസിൽ കുമ്പനാട് കടപ്ര കാരാളിൽ വീട്ടിൽ അജിൻ റെജി മാത്യുവാണ് കുറ്റക്കാരൻ. പത്തനംതിട്ട അഡീഷണൽ ജില്ലാകോടതി ജഡ്ജ് ജി.പി.ജയകൃഷ്ണൻ കേസിന്റെ വിധി നാളെ പ്രസ്താവിക്കും.
2019 മാർച്ച് 12ന് തിരുവല്ല ചിലങ്ക ജംഗ്ഷനിലായിരുന്നു സംഭവം.
രാവിലെ 9.15ന് കോളേജിലേക്ക് നടന്ന് പോകുകയായിരുന്ന പത്തൊൻപതുകാരിയെ അജിൻ തടഞ്ഞുനിറുത്തി ആദ്യം വയറിന്റെ വലതുഭാഗത്ത് കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. തുടർന്ന് കൈയിൽ കരുതിയ പെട്രോൾ പെൺകുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തി. നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പെൺകുട്ടിയെ പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് കവിത മരിച്ചത്. സംഭവത്തിനിടെ അജിനും മാരകമായി പൊള്ളലേറ്റിരുന്നു. ഇരുവരും സ്‌കൂൾതലം മുതൽ ഒരുമിച്ച് പഠിച്ചവരാണ്.
പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു ആക്രമണത്തിന് കാരണം. പെൺകുട്ടിയുടെ മരണമൊഴിയാണ് കേസിൽ പ്രധാന തെളിവായത്. അജിൻ പെട്രോൾ വാങ്ങിയതിന്റെ ബില്ലും സി.സി.ടി.വി ദൃശ്യങ്ങളും നിർണായക തെളിവായി. സംഭവത്തിന് നിരവധി ദൃക്സാക്ഷികളും ഉണ്ടായിരുന്നു. ശാസ്ത്രീയ തെളിവുകളും കേസിന് ബലംപകർന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഹരിശങ്കർ പ്രസാദ് ഹാജരായി. ഈ സംഭവത്തിന് ശേഷം സംസ്ഥാനത്ത് നിരവധി പെൺകുട്ടികൾക്ക് നേരെ പെട്രോൾ ഉപയോഗിച്ച് തീകൊളുത്തിയുള്ള അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
തൂക്കുകയർ നൽകണം : കവിതയുടെ അമ്മ
നിറഞ്ഞ കണ്ണുമായാണ് കവിതയുടെ അച്ഛൻ വിജയകുമാറും അമ്മ ഉഷയും വിധി കേൾക്കാനായി കോടതിയിലെത്തിയത്. പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നാണ് ആഗ്രഹമെന്ന് അമ്മ ഉഷ മാദ്ധ്യമങ്ങളോട് പറഞ്ഞു. അവന് പരമാവധി ശിക്ഷ ലഭിക്കണം. തൂക്കുകയർ നൽകണമെന്നാണ് ആഗ്രഹം. അവന്റെ പ്രായം അനുസരിച്ചാകും ശിക്ഷ, ഞങ്ങൾക്ക് മകളെ നഷ്ടമായി. അതിന് പകരം വയ്ക്കാൻ മറ്റൊന്നിനും സാധിക്കില്ലെന്നും അവർ പറഞ്ഞു.
കൊലപാതകം :
2019 മാർച്ച് 12ന് തിരുവല്ല ചിലങ്ക ജംഗ്ഷനിൽ