കോന്നി: അതുമ്പുംകുളം ജംഗ്ഷന് സമീപം കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം രാത്രി 8ന് ഇറങ്ങിയ കാട്ടാനകൾ അതുമ്പുംകുളം മൈലാടുപാറ കമലന്റെ പറമ്പിലെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. അതുമ്പുംകുളം ജംഗ്ഷന് സമീപം താമസിക്കുന്നവർ ഇപ്പോൾ ഭീതിയിലാണ്. സമീപ പ്രദേശങ്ങളായ ആവോലിക്കുഴി, ഞള്ളൂർ, വരിക്കാഞ്ഞിലി തുടങ്ങിയ മേഖലകളിൽ കാട്ടാന ശല്യം പതിവാണെങ്കിലും ജംഗ്ഷന് സമീപം കാട്ടാനകൾ എത്തുന്നത് ആദ്യമാണ്. അച്ചൻകോവിൽ ചിറ്റാർ റോഡിന്റെ ഭാഗമായ കോന്നി തണ്ണിത്തോട് റോഡിൽ അതുമ്പുംകുളംജംഗ്ഷന് സമീപമുള്ള ആയുർവേദ ആശുപത്രിയുടെയും പ്രൈമറി ഹെൽത്ത് സെന്ററിന്റെയും സമീപത്താണ് ഇന്നലെ കാട്ടാനകൾ എത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനകളെ തുരത്തി. രാത്രിയിലും പകലും വാഹനങ്ങൾ പോകുന്ന റോഡരികിലെ ജംഗ്ഷന് സമീപമാണ് കാട്ടാനകൾ എത്തിയത്. നാട്ടുകാർ ഭീതിയിലാണ്.
കർഷകർ ദുരിതത്തിൽ
കൂട്ടമായി എത്തുന്ന കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിന് മൂലം പ്രദേശത്തെ കർഷകർ ദുരിതത്തിലാണ്. സമീപത്തെ ചെങ്ങറ സമരഭൂമികളിലെ വീടുകൾക്ക് സമീപം വരെ കാട്ടാനകൾ ദിവസവും രാത്രിയിൽ എത്തുന്നതായി പ്രദേശവാസികൾ പറയുന്നു. സമരഭൂമിയിലെ അടച്ചുറപ്പില്ലാത്ത വീടുകൾക്ക് സമീപം കാട്ടാനകൾ എത്തുന്നത്. ഇവിടുത്തെ താമസക്കാരെയും കുട്ടികളെയും ഭയപ്പെടുത്തുന്നുണ്ട്. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽ പെട്ട വനമേഖലയും, ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടവും സമീപത്താണ്. സമീപത്തെ വനമേഖലയിൽ നിന്നാണ് കാട്ടാനകൾ ഇവിടെയെത്തുന്നത്. വനമേഖലയിൽ നിന്നും വാപ്പില തോട് കടന്നാണ് കാട്ടാനകൾ അതുമ്പുംകുളം ജംഗ്ഷന് സമീപത്ത് എത്തുന്നത്. ജംഗ്ഷന് സമീപത്തുള്ള വരിക്കാഞ്ഞിലിയിൽ മുൻപ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
....................................
കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാനകളെ പടക്കം പൊട്ടിച്ച് പ്രദേശത്തു നിന്നും തുരത്തിയിരുന്നു. വരുംദിവസങ്ങളിൽ ഇവിടെ നിരീക്ഷണം ശക്തമാക്കും.
( ഞള്ളൂർ ഫോറസ്റ്റ്
സ്റ്റേഷനിലെ വനപാലകർ)