fdf

പത്തനംതിട്ട : പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നൽകുന്ന വായ്പകൾ സാധാരണക്കാർക്ക് ആശ്വാസകരമെന്ന് മന്ത്രി വീണാ ജോർജ്. ആറൻമുള മണ്ഡലത്തിൽ സി.ഡി.എസ് മുഖേന പട്ടികവിഭാഗം കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്ന സ്വയം തൊഴിൽ വായ്പയുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്വയം തൊഴിലിനായി 50 ലക്ഷം രൂപ, വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ, പെൺമക്കളുടെ വിവാഹത്തിനായി 3.5 ലക്ഷം രൂപ എന്നിങ്ങനെ നിരവധി വായ്പകളാണ് കോർപ്പറേഷൻ നൽകുന്നത്. സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ സി ഡി എസിലൂടെയാണ് വായ്പ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്.

പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.കെ.ഷാജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ 308 പേർക്കായി വിതരണം ചെയ്യുന്ന 3.8 കോടി രൂപയുടെ വായ്പ ചെക്ക് മന്ത്രി കൈമാറി. ആറന്മുള പഞ്ചായത്തിൽ 251 പേർക്കും കോഴഞ്ചേരി പഞ്ചായത്തിൽ 57 പേർക്കുമാണ് വായ്പ ലഭിക്കുന്നത്. പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രമണ്യൻ, ജില്ലാ മാനേജർ വി.അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ആർ.അജയകുമാർ, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ എസ്.ആദില, ടി.വി.സ്റ്റാലിൻ, തോമസ് ജോർജ്, റിജു കാവുംപാട്ട് എന്നിവർ പങ്കെടുത്തു.