അടൂർ : കൂടൽ ഗുരുമന്ദിരം -പത്തിശേരിപ്പടി റോഡ് തകന്നു തരിപ്പണമായി. കൂടൽ ജംഗ്ഷനിനോട് ചേർന്ന് ഗുരുമന്ദിരത്തിനു മുന്നിൽ നിന്നും ആരംഭിക്കുന്ന റോഡിൽ പലയിടത്തും കുഴികളും ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. മുൻപ് തോടായിരുന്ന പ്രദേശമാണ് നികത്തി റോഡാക്കി മാറ്റിയത്. റോഡിൽ പലയിടത്തും പതിവായി ശക്തമായ ഊറ്റ് വെള്ളം ഒഴുകുന്നതിനാൽ വെള്ളക്കെട്ട് സ്ഥിരം കാഴ്ചയാണ്. 2013 ൽ അടൂർ പ്രകാശ് കോന്നി എം.എൽ എ യും റവന്യു മന്ത്രിയുമായിരിക്കെ 5 ലക്ഷം രൂപയുടെ എൻ.സി.എഫ് ആർ.ഡബ്ളു ഫണ്ടുപയോഗിച്ച് കോൺക്രീറ്റ് ചെയ്തതാണ് ഈ റോഡ്. റോഡിലെ കോൺക്രീറ്റ് തകർന്നും വെള്ളക്കെട്ടും കുഴിയും ഒക്കെ രൂപപ്പെട്ടതിനാൽ വർഷങ്ങളായി ഈ റോഡിൽ യാത്രാദുരിതമാണ് . തകർന്ന റോഡിനൊപ്പം റോഡിനു സമീപത്തും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരിലുള്ള വസ്തുവിൽ മാലിന്യനിക്ഷേപം രൂക്ഷമാകുന്നതും നാട്ടുകാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. ഇവിടെ വർക്ക്ഷോപ്പ് മാലിന്യവും വ്യാപകമായി നിക്ഷേപിക്കുന്നുണ്ട് .റോഡിലെ വെള്ളക്കെട്ട് പരിഹരിച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും മാലിന്യ നിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം .
.....................................
"റോഡിൽ വെള്ളക്കെട്ടു രൂക്ഷമാണ്. കോൺക്രീറ്റുകൾ പലയിടത്തും തകർന്ന നിലയിലാണ്. യാത്ര ദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ തയാറാകണം"
സ്മിജ മനോജ്
(കേരളകൗമുദി കൂടൽ ഏജന്റ് )