pta

പത്തനംതിട്ട : ജില്ലാസ്റ്റേഡിയം അടുത്തവർഷം മാർച്ചിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യവുമായി നിർമ്മാണം വേഗത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് നിറുത്തിവച്ചിരുന്ന മണ്ണിട്ട് ഉയർത്തൽ പുരോഗമിക്കുന്നു. മണ്ണിട്ട് ഉയർത്തിയ ശേഷം റോഡ് ബി.എം, ബി.സി നിലവാരത്തിൽ നിലവാരത്തിൽ നിർമ്മിച്ച ശേഷം സിന്തറ്റിക് ട്രാക്ക് ട്രാക്ക് നിർമ്മാണത്തിന് ടെൻഡർ വിളിക്കും. മൈതാനത്തിന് ചുറ്റുമുള്ള ഒാട നിർമ്മാണം പൂർത്തിയായി. മൈതാനത്തിന്റെ മദ്ധ്യഭാഗത്തെ വെള്ളം വശങ്ങളിലെ ഒാടയിലേക്ക് വലിയുന്ന തരത്തിലാണ് നിർമാണം. വെള്ളപ്പൊക്കത്തെയും അതിജീവിക്കും. സ്റ്റേഡിയത്തിലെ രണ്ടു പവലിയനുകളുടെയും നവീകരണം നടത്തി.

സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് കെ.കെ നായർ ജില്ലാ സ്റ്റേഡിയം നിർമ്മിക്കുന്നത്. ഒന്നാംഘട്ടത്തിൽ 8 ലെയ്ൻ 400 മീറ്റർ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറൽ ഫുട്ബോൾ ടർഫ്, നീന്തൽക്കുളം, പവലിയൻ, ഗ്യാലറി മന്ദിരങ്ങൾ എന്നിവയാണ് നിർമ്മിക്കുന്നത്. രണ്ടാംഘട്ടത്തിലാണ് ഹോസ്റ്റലിന്റെ നിർമ്മാണം. ലാന്റ് ഡെവലപ്‌മെന്റ് പ്രവൃത്തി പൂർത്തിയാക്കുന്ന മുറയ്ക്ക് സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറൽ ഫുട്ബോൾ ടർഫ് പ്രവൃത്തികളാണ് ചെയ്യുന്നത്.

നീന്തൽക്കുളത്തി​ന്റെ

അടിത്തട്ട് കോൺക്രീറ്റ് ചെയ്തു

നീന്തൽക്കുളത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റിംഗ് ഇന്നലെ പൂർത്തിയായി. 50 മീറ്റർ നീളവും 25 മീറ്റർ വീതിയും രണ്ട് മീറ്റർ താഴ്ചയുമാണുള്ളത്. എട്ട് ട്രാക്കുകൾ ഉള്ളതാണ് നീന്തൽക്കുളം. വശങ്ങളിലെ കോൺക്രീറ്റും ഭിത്തി നിർമാണവുമാണ് അടുത്തഘട്ടം. കുളത്തിലെ ഉപയോഗശേഷമുള്ള വെള്ളം നീക്കം ചെയ്യുന്ന ബാലൻസിംഗ് ടാങ്കിന്റെ നിർമാണം പൂർത്തിയായി. സമീപത്തായി ശുചിമുറിയും വസ്ത്രം മാറുന്നതിനുള്ള മുറിയും നിർമ്മിച്ചു.

ഇൻഡോർ സ്റ്റേഡിയം പകുതി പിന്നിട്ടു

ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പകുതിയിലധികം കഴിഞ്ഞു. ഓപ്പൺ ജിംനേഷ്യവും അനുബന്ധമായ കായിക ഇനങ്ങൾക്കുമുള്ള സൗകര്യമുണ്ട്. വോളിബോൾ ബാഡ്‌മിന്റൺ കോർട്ടുകളും സജ്ജീകരിക്കുന്നുണ്ട്.

നിർമ്മാണച്ചെലവ് 47.9 കോടി