road-
സംരക്ഷണഭിത്തി ഇടിഞ്ഞ അവസ്ഥയിൽ ഉന്നത്താനി ചപ്പാത്ത് പാലം

റാന്നി: സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു - പെരുനാട് പെരുന്തേനരുവി റോഡിലെ ഉന്നത്താനി ചപ്പാത്ത് പാലം കൂടുതൽ അപകടവസ്ഥയിൽ. അൻപത് വർഷം പഴക്കമുള്ള പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ ഇളകി കമ്പികൾ തെളിഞ്ഞ നിലയിലാണ്. കൂടാതെ ശക്തമായ മലവെള്ളപ്പാച്ചിലുള്ള പാലത്തിന്റെ അടിത്തറയിലെ കെട്ടിനും ചെറിയ തോതിൽ ഇളക്കം സംഭവിച്ചിട്ടുണ്ട്. കുടമുരുട്ടി കൊച്ചുകുളം, ചണ്ണ മേഖലയെ അത്തിക്കയം, പെരുനാട്, റാന്നി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു പാതയാണിത്. പാലത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ പെരുന്തേനരുവി, വെച്ചൂച്ചിറ എന്നിവിടങ്ങളിൽ കൂടി മാത്രമേ പ്രദേശത്തെ ആളുകൾക്ക് പുറം നാടുകളുമായി ബന്ധപ്പെടാൻ കഴിയുകയുള്ളു. ദിവസവും സ്കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാതയിലെ അപകടാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതിഷേധം സംഘടിപ്പിക്കും

സംരക്ഷണ ഭിത്തി കൂടുതൽ ഇടിഞ്ഞതോടെ സമീപത്തെ വീടുകളിൽ താമസിക്കുന്നവരും കുടമുരുട്ടി, കൊച്ചുകുളം,ചണ്ണ മേഖലയിലുള്ള യാത്രക്കാരായ ആളുകളും ഒരേപോലെ ആശങ്കയിലാണ്. രണ്ട് വർഷത്തോളമായി നാട്ടുകാർ ആരോപിക്കുന്ന വിഷയത്തിൽ അടിയന്തര സ്വഭാവമുള്ള വിഷയത്തിൽ അധികൃതർ നടപടി വേഗത്തിലാക്കാത്തതിൽ ജനങ്ങൾ പ്രധിഷേധം അറിയിക്കുന്നുണ്ട്.

.....................................................................

പാലത്തിന്റെ സംരക്ഷണ ഭിത്തി എത്രയും വേഗം ബലപ്പെടുത്തണം. പാലത്തിന് കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കണം.

ബിജോ ഉന്നത്താനി

(പ്രദേശവാസി)​

.................................

പാലത്തിന് 50 വർഷം പഴക്കം