മല്ലപ്പള്ളി: കുന്നന്താനം കിൻഫ്ര വ്യാവസായ പാർക്കിലെ 33 കെ.വി സബ്സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം നാളെ രാവിലെ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കുക. ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങൾ മുൻ നിറുത്തി കൂടുതൽ സബ്‌സ്റ്റേഷനുകളും ലൈനുകളും സ്ഥാപിക്കാൻ വേണ്ടിയുള്ള സർക്കാരും വൈദ്യുതി ബോർഡ് ലിമിറ്റഡും നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. നിലവിൽ കിൻഫ്ര വ്യവസായ പാർക്കിലേക്ക് വൈദ്യുതി എത്തിക്കുന്നത് ഇവിടെ നിന്നും 9 കിലോമീറ്റർ അകലെയുള്ള മല്ലപ്പള്ളി 10 കെ.വി സബ്സ്റ്റേഷനിൽ നിന്നുള്ള 11 കെ.വി ഫീഡറുകളിലൂടെയാണ്. കൂടാതെ തൃക്കൊടിത്താനം 110 കെ.വി സബ്സ്റ്റേഷനിൽ നിന്നും 11കെ.വി ഫീഡറും ഈ പ്രദേശത്തെ വൈദ്യുതി വിതരണത്തിനായി ഉപയോഗപ്പെടുത്തുന്നു. വിതരണം സാദ്ധ്യമാക്കാനാണ് 17കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ള ഈ പദ്ധതിയിൽ 5.95 കോടി രൂപ മുടക്കിയാണ് 5 എം.വി.എ ശേഷിയുള്ള രണ്ട് 33/11 കെ.വി ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിരിക്കുന്നത്. കുന്നന്താനത്തേക്ക് 6.35 കോടി രൂപ മുടക്കി 8 കിലോമീറ്റർ ദൂരത്തിൽ 33 കെ.വി കവേർഡ് കണ്ടക്ടർ ലൈൻ നിർമ്മിക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്. 18 മാസം നിർമ്മാണ കാലയളവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടു കൂടി കുന്നന്താനം കിൻഫ്ര പാർക്ക് ഇൻഡസ്ട്രിയൽ പ്ലോട്ട് ഉൾപ്പെടെയുള്ള കുന്നന്താനം പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുവാൻ സാധിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് കുമാർ, കെ.എസ്.ഇ.ബി എ.ഇ.ഇ ബിനു ജി. കൃഷ്ണൻ, എ.ഇമാരായ ബി. ജയകൃഷ്ണൻ, വി. അനിൽകുമാർ, ഒ. ദീപു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.