
കലഞ്ഞൂർ : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കലഞ്ഞൂരിൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് സമീപം നിർമ്മിക്കുന്ന മേൽപ്പാലം പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. റോഡ് ക്രോസ് ചെയ്ത് ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ എത്തുന്ന രീതിയിലാണ് മേൽപ്പാലം വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ നാടിന് പ്രയോജനപ്പെടുന്ന രീതിയിൽ നിർമ്മിക്കണമെന്നും നടപ്പാതയിൽ മേൽപ്പാലം അവസാനിക്കുന്ന രീതിയിൽ ക്രമീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതേസമയം നടപ്പാതയിലേക്ക് പാലം ക്രമീകരിക്കാൻ സ്ഥലപരിമിതിയുണ്ട്. സ്കൂൾ മതിലിന്റെ കുറച്ചുഭാഗം പൊളിച്ചു മാറ്റി സ്‌കൂളിലേക്കും പുറത്തേയ്ക്കും രണ്ടു വഴികൾ ക്രമീകരിക്കണമെന്ന നിർദേശവുമുണ്ട്. ഇരുമ്പ് ഗർഡറുകളിലാണ് പാലം നിർമ്മാണം.
അപകടം ഒഴിവാക്കാൻ
റോഡ് നവീകരണത്തിന് സ്ഥലമേറ്റെടുത്തപ്പോൾ ഉണ്ടായ അപാകത മൂലം കലഞ്ഞൂരിൽ സ്കൂളിന്റെ ഭാഗത്ത് റോഡിന് വീതി കുറഞ്ഞിരുന്നു. വാഹനത്തിരക്ക് വർദ്ധിച്ചതിനാൽ റോഡ് മുറിച്ചു കടക്കുമ്പോൾ വലിയ അപകട സാദ്ധ്യതയാണുള്ളത്. വലിയ നഗരങ്ങളിൽ സ്ഥാപിക്കുന്ന മാതൃകയിൽ പ്രധാന റോഡിനെ ആശ്രയിക്കാതെ മറുവശത്തേക്ക് കടന്നുപോകാൻ മേൽപ്പാലം ഉപയോഗപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
മേൽപ്പാലം
കലഞ്ഞൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് സമീപം
നീളം : 16.20 മീറ്റർ
ഉയരം : 5.7 മീറ്റർ
വീതി : 1.5 മീറ്റർ
പദ്ധതി ചെലവ് : 45 ലക്ഷം രൂപ
"നടന്നുപോകാവുന്ന വീതി നടപ്പാതയ്ക്കുണ്ട്. മേൽപ്പാലത്തിൽ നിന്ന് നടപ്പാതയിലേക്ക് വഴി ഒരുക്കണം, അപകടങ്ങൾ കൂടുന്ന മേഖലയാണിത്."
അനീഷ് ഗോപിനാഥ്
കോൺഗ്രസ്, കലഞ്ഞൂർ മണ്ഡലം പ്രസിഡന്റ്
"പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കണം, മേൽപ്പാലം സ്ക്കൂളിലേക്ക് മാത്രമാക്കി മാറ്റരുത്. നിർമ്മാണത്തിൽ അധികൃതർ ശ്രദ്ധിക്കണം.
പി.എസ്.അരുൺ
കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം
സ്‌കൂളിൽ അവസാനിക്കുന്ന രീതിയിലാണ് മേൽപ്പാല നിർമ്മാണം പുരോഗമിക്കുന്നത്. നടപ്പാതയിലേക്ക് ക്രമീകരിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇനിയൊരു ക്രമീകരണത്തിന് കൂടുതൽ സാകേതിക ഉപദേശം ആവശ്യമാണ്.
ടി.വി.പുഷ്പവല്ലി,
പ്രസിഡന്റ്,
കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്