പറക്കോട് : റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി നടത്തുന്ന അറ്റകുറ്റപ്പണിക്കെതിരെ പരാതിയുമായി നാട്ടുകാർ. പറക്കോട് മുതൽ ചിരണിക്കൽ വരെ പല പ്രദേശത്തും റോഡിന്റെ അറ്റകുറ്റപണികൾ ഇനിയും പൂർത്തിയായിട്ടില്ല. വാട്ടർ അതോറിറ്റിയുടെ പണികൾ ഇഴഞ്ഞു നീങ്ങുകയാണെന്നും പൊതുമരാമത്തുമായുള്ള ശീതസമരം അവസാനിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം പൊട്ടികിടക്കുന്ന പൈപ്പിലൂടെ വെള്ളം വന്ന സംഭവവും വിവാദമായിരുന്നു. പറക്കോട് എൽ.പി സ്ക്കൂളിന് സമീപമുള്ള കടയ്ക്ക് മുന്നിൽ കുഴി കുത്തി വെള്ളം നിറഞ്ഞു കുളം പോലെ കിടക്കുന്നതായിരുന്നു ഇന്നലത്തെ കാഴ്ച. അടിയന്തരമായി വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.