photo
കോന്നി ഐരവൺ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനം മന്ത്രി കെ. രാജൻല ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു

കോന്നി : പട്ടയം ലഭ്യമാക്കുന്നതിന്റെ വാർഷിക വരുമാന പരിധി ഒരു ലക്ഷത്തിൽ നിന്ന് രണ്ടര ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചതായി മന്ത്രി കെ.രാജൻ പറഞ്ഞു. കോന്നി ഐരവൺ സ്മാർട്ട് വില്ലേജ് ഓഫീസ്നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പിണറായി സർക്കാരിന്റെ കാലത്ത് 4,10000 കുടുംബങ്ങൾ ഭൂമിയുടെ ഉടമകളായി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മാത്രം 2,33,947 കുടുംബങ്ങൾക്ക് പട്ടയം കിട്ടി. പട്ടയം മിഷൻ, റവന്യൂ അസംബ്ലി എന്നിവയിലൂടെ കണ്ടെത്തുന്ന പ്രശ്‌നങ്ങളിൽ ജില്ലയിൽ പരിഹരിക്കാനാക്കാത്തവ പട്ടയ ഡാഷ് ബോർഡിൽ ഉൾപെടുത്തി വകുപ്പ് നേരിട്ട് തീർപ്പാക്കുന്നു. ഡിജിറ്റൽ റീസർവേയിലൂടെ രണ്ട് വർഷത്തിനുള്ളിൽ 8,87000 ഹെക്ടർ ഭൂമിയും 64 ലക്ഷത്തിലേറെ ലാൻഡ് പാഴ്‌സലുകളും അളന്നു. റീസർവേ നടപടി പൂർണമായും ഡിജിറ്റലാക്കിയതോടെ ഭൂമിയുടെ അളവ്, കൈമാറ്റം തുടങ്ങിയ വിവരങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമായി. രജിസ്‌ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യൂ വകുപ്പിന്റെ റിലീസ്, സർവേ വകുപ്പിന്റെ ഇ മാപ് പോർട്ടലുകൾ സംയോജിപ്പിച്ച് എന്റെ ഭൂമി പോർട്ടൽ സംവിധാനത്തിലൂടെ ഭൂമി ക്രയവിക്രയം എളുപ്പമാക്കി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവക്യത്തോടെ റവന്യു വകുപ്പ് ശ്രദ്ധേയവും വിപ്ലവകരവുമായ പ്രവർത്തനം നടത്തുന്നു. പുതിയതായി ഭരണാനുമതി ലഭിച്ച 190 വില്ലേജുകളിൽ 32 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഭൂവുടമകൾക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാശംങ്ങൾ ഉൾക്കൊള്ളുന്ന റവന്യു സ്മാർട്ട് കാർഡ് അടുത്ത വർഷത്തോടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു, അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രേഷ്മ മറിയം റോയ്, ജിജോ മോഡി, തുളസീമണിയമ്മ, വി ശ്രീകുമാർ, ജിഷ ജയകുമാർ, പുഷ്പ ഉത്തമൻ, ബി ജ്യോതി, സിനി മോൾ എന്നിവർ പങ്കെടുത്തു.