ചെങ്ങന്നൂർ: നഗരസഭ സാക്ഷരതാ മിഷൻ വികസന വിദ്യാ കേന്ദ്രം തുല്യതാ കോഴ്‌സുകളിൽ മികച്ച വിജയവുമായി മുന്നേറുകയാണ്. പത്താംതരം തുല്യതാ പരീക്ഷയ്ക്ക് പുറമേ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിലും നിരവധി വിജയികളെ സൃഷ്ടിക്കാൻ നഗരസഭ വികസന വിദ്യാ കേന്ദ്രത്തിന് കഴിഞ്ഞു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പഠിതാക്കളിൽ ഹയർസെക്കൻഡറി തലത്തിൽ 460 പേരും പത്താംതരത്തിൽ 310 പേരും പഠിതാക്കളായി എത്തിയിരുന്നു. ഹയർസെക്കൻഡറി തുല്യതാ കോഴ്‌സിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് എന്നീ രണ്ട് ഗ്രൂപ്പുകളിലാണ് സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 2015 ൽ കോഴ്‌സുകൾ ആരംഭിച്ചത്. ഓരോ വർഷവും പഠിതാക്കളായി എത്തുന്നവർക്ക് മികച്ച വിജയമാണ് ലഭിക്കുന്നത്. ആകെ രജിസ്റ്റർ ചെയ്തിട്ടുള്ള ഹയർ സെക്കൻഡറി തലത്തിൽ 460 പേരിൽ 396 പേരും പത്താം തരത്തിൽ രജിസ്റ്റർ ചെയ്ത 310 പേരിൽ 286 പേരും മികച്ച വിജയം കൈവരിച്ചു. പുതിയ അദ്ധ്യായന വർഷത്തെ ക്ലാസുകളുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ കെ. ഷിബുരാജൻ നിർവഹിച്ചു. വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീദേവി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആശാറാണി, വി.കെ. സരോജിനി, മല്ലിക കോശി എന്നിവർപ്രസംഗിച്ചു.