പറക്കോട് : പറക്കോട് -പരുത്തിപ്പാറ -വടക്കടത്തുകാവ് റോഡിലെ കാട്ടുപന്നി ശല്യം മൂലം നാട്ടുകാർ സഹികെട്ടു. പുഞ്ചിരിപാലത്തിനു സമീപമാണ് ശല്യം ഏറ്റവും രൂക്ഷം .കാട്ടുപന്നികൾ കൂട്ടത്തോടെയും ചിലപ്പോൾ ഒറ്റയ്ക്കും പാലത്തിനു കുറുകെയും തൊട്ടു താഴെ അങ്കണവാടിക്ക് മുന്നിലെ റോഡിലും ഗതാഗതം തടസ്സപ്പെടുത്തി നിൽക്കുകയും വാഹനങ്ങൾക്ക് മുന്നിലേക്ക് എടുത്തുചാടുകയും ചെയ്യുന്നുണ്ട്. പരുത്തിപ്പാറ ഭാഗത്ത് നിന്ന് വരുന്ന വാഹനയാത്രികർക്ക് പാലത്തിനു മുമ്പുള്ള വളവ് കടന്നുവരുമ്പോൾ മുന്നിൽ കാട്ടുപന്നികൾ നിൽക്കുന്നത് കാണാൻ കഴിയാത്തത് മൂലം പലപ്പോഴും വാഹനങ്ങൾ നിയന്ത്രണംവിട്ടു മറിയാനിടയാകും. പാലത്തിന് സമീപമുള്ള അങ്കണവാടിക്ക് പിന്നിലുള്ള ഭാഗം കാട്ടുപന്നികളുടെ വിഹാരകേന്ദ്രമാണെന്നാണ് പ്രദേശവാസികൾ പറയുന്നത് .പറക്കോട്ട് ബസിറങ്ങി കുതിരമുക്ക് ,അറുകാലിക്കൽ പടിഞ്ഞാറ് ,കോളൂർപ്പടി ,മാണിക്യമല പ്രദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളും ജോലിക്കു പോകുന്നവരുമൊക്കെ ഇപ്പോൾ കാട്ടുപന്നി ആക്രമണത്തിന്റെ ഭീതിയിലാണ് . ബി.ജെ.പി വാർഡ് കൺവീനറായ ബിജു കുമാർ കെ. ജി ബൈക്കിൽ വരുമ്പോൾ കാട്ടുപന്നി ബൈക്കിന് മുന്നിൽ ചാടിയിരുന്നു. കാട്ടുപന്നികളെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് ഏഴംകുളം ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ഇ. എ. ലത്തീഫ് ആവശ്യപ്പെട്ടു. ഷൂട്ടർമാരെ അടിയന്തരമായി ഈ മേഖലയിൽ നിയോഗിക്കുമെന്ന് ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ വി എസ് പറഞ്ഞു.