555
ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയപ്പോൾ

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ യാത്രക്കാരുടെ ദീർഘനാളായ ദുരിതങ്ങൾക്ക് ആശ്വാസം. വെയിലിലും മഴയിലും കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാൻ താത്കാലിക കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. മന്ത്രി സജി ചെറിയാന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നുള്ള 4.40 ലക്ഷം രൂപ വിനിയോഗിച്ചാണ് 14 മീറ്റർ നീളത്തിലുള്ള കാത്തിരിപ്പ് കേന്ദ്രം പണിയുന്നത്. പുതിയ ബസ് ടെർമിനൽ നിർമ്മാണത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ ഒരു വർഷം മുൻപ് പൊളിച്ചുമാറ്റിയതോടെയാണ് യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടത്. മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുകയും യാത്രക്കാരുടെ സംഘടനകൾ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിനെയും തുടർന്ന് അധികൃതർ നടപടിയിലേക്ക് കടക്കുകയായിരുന്നു. യാർഡിലെ കുഴികൾ നികത്തി വെള്ളക്കെട്ട് ഒഴിവാക്കുക, ടോയ്ലെറ്റ് സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ യാത്രക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. നിലവിൽ ഗ്യാരേജിന്റെ പിൻഭാഗത്തെ ജീവനക്കാരുടെ ടോയ്ലെറ്റ് യാത്രക്കാർക്കായി തുറന്നിരുന്നു. 11.5 കോടി രൂപ ചെലവിൽ 32,000 ചതുരശ്രയടി വിസ്തൃതിയിൽ പുതിയ ബസ് ടെർമിനൽ നിർമ്മിക്കാൻ പദ്ധതി തയാറായിരിക്കുകയാണ്.

കെട്ടിടങ്ങളുടെ ഡിസൈൻ പൂർത്തിയായതായും പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം അറിയിച്ചു.

...............................................
താത്കാലിക കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. ഇതോടെ യാത്രക്കാരുടെ ദുരിതം കുറയും

(മന്ത്രി സജി ചെറിയാൻ)​

...................................

ശബരിമല സീസൺ തുടങ്ങുന്നതിനു മുൻപ് നിർമ്മാണം പൂർത്തിയാക്കണം.

സാജൻ വർഗീസ്

(സ്ഥിരം യാത്രക്കാരൻ)​