തിരുവല്ല : കടപ്ര പഞ്ചായത്തിലെ മൂന്നും നാലും പത്തും വാർഡുകളിലൂടെ പോകുന്ന തുമ്പേൽ തോടിന്റെ ശുചീകരണ ജോലികൾ തുടങ്ങി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 14ലക്ഷം രൂപ ചെലഴിച്ചാണ് ശുചീകരണം നടത്തുന്നത്. തുമ്പേൽ തോടിന് നിലവിൽ രണ്ടര കിലോമീറ്റർ നീളവും നാലു മീറ്റർ വീതിയുമുണ്ട്. കഴിഞ്ഞ കുറെ വർഷക്കാലമായി ശുചീകരണ പ്രവർത്തനം നടക്കാത്തതിനാൽ മാലിന്യം കുമിഞ്ഞുകൂടി തോട്ടിലെ നീരൊഴുക്ക് നഷ്ടപ്പെട്ടു. ഈ തോട്ടിൽ നിന്നുള്ള മാലിന്യ ഉറവ സമീപ വീടുകളിലെ കിണറിലേക്ക് വ്യാപിച്ച് ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. ഈ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ സമീപമുള്ള 50ഓളം കുടുംബങ്ങളാണ് ശുദ്ധജലക്ഷാമം അനുഭവിക്കുന്നത്. ഇതേത്തുടർന്നാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നീർച്ചാലുകളുടെ ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി തോട് വൃത്തിയാക്കാൻ തീരുമാനിച്ചത്. തുമ്പേൽ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആലംതുരുത്തി ഭാഗത്തുള്ള കാരിക്കോട്ട് കലുങ്കിന്റെ സമീപം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ. നിർവ്വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് ഡിവിഷൻ അംഗം അഡ്വ.വിജി നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ജോർജ് തോമസ്, പ്രൊഫ.പി.കെ.സുരേന്ദ്രനാഥൻ. ഉമ്മൻ മത്തായി, ജോസഫ് തോമസ് അഡ്വ.എം.ബി.നൈനാൻ,അഡ്വ.ഡാനിയൽ തോമസ് കാരിക്കോട്ട്, സ്റ്റീഫൻ ജോർജ് മട്ടയ്ക്കൽ കെ.ജെ.ബർസ്ലീബി, അലക്സ് തോമസ്, കാർത്തികൻ, കെ.കെ.സുനിൽ എന്നിവർ പ്രസംഗിച്ചു.