കോന്നി: വന്യമൃശല്യം പതിവായിതുമൂലം ദുരിതത്തിലായി ആവോലിക്കുഴി നിവാസികൾ. കഴിഞ്ഞദിവസം പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഭീതിയിലാണ് നാട്ടുകാർ. സമീപപ്രദേശങ്ങളായ ഞള്ളൂർ, അതുമ്പുംകുളം, വരിക്കാഞ്ഞിലി, കാക്കര, എലിമുള്ളംപ്ലാക്കൽ തുടങ്ങിയ പ്രദേശങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. ആവോലികുഴിയിൽ പുലിയെ കണ്ട ഭാഗത്ത് വനം വകുപ്പ് അധികൃതർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ആവോലികുഴി രാജേഷ് ഭവനത്തിൽ വിജയമ്മയുടെ വീടിനോട് ചേർന്നുള്ള മരത്തിലാണ് ക്യാമറ സ്ഥാപിച്ചത്. കഴിഞ്ഞദിവസം വിജയമ്മയുടെ പറമ്പിലാണ് പുലിയെ കണ്ടത്. കാർഷികവൃത്തിയും കന്നുകാലി വളർത്തലുമായി ഉപജീവനം നടത്തുന്ന ജനങ്ങളാണ് കൂടുതലും പ്രദേശത്തുള്ളത്. പുലിയെത്തിയത് ആടുകളെ വളർത്തുന്ന വീടുകളുടെ സമീപത്താണ്. സമീപത്തെപൊന്തക്കാടുകളും വന്യമൃഗങ്ങളുടെ താവളമാക്കിയിരിക്കുകയാണ്. പുലിയുടെ സാന്നിദ്ധ്യം ഉണ്ടായ ശേഷം നടന്ന് സ്കൂളുകളിൽ പോകുന്ന വിദ്യാർത്ഥികളും, കന്നുകാലികളെ വളർത്തുന്നവരും ഭയപ്പാടിലാണ്.

കാട്ടാന ശല്യം രൂക്ഷം, കൃഷിനാശം വ്യാപകം

സമീപപ്രദേശമായ അതുമ്പുംകുളവും ഞള്ളൂരും കാട്ടാനകളുടെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്.

അച്ഛൻകോവിൽ ചിറ്റാർ റോഡിന്റെ ഭാഗമായ കോന്നി തണ്ണിത്തോട് റോഡിലെ അതുമ്പുകുളം ജംഗ്ഷന് സമീപം വരെയും കാട്ടാനകൾ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദിവസവും രാത്രിയിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്നു. പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനകളെ തുരത്തേണ്ട സ്ഥിതിയാണ്. അതുംമ്പുകുളം പോസ്റ്റ് ഓഫീസിന്റെയും, പ്രൈമറി ഹെൽത്ത് സെന്ററിന്റെയും, ആയുർവേദ ആശുപത്രിയുടെയും സമീപത്ത് പതിവായി കാട്ടാനകൾ എത്തുന്നുണ്ട്. കോന്നി വനം ഡിവിഷനിലെയും റാന്നി വനം ഡിവിഷനിലെയും വനമേഖലകളും സമീപത്താണ്. ഈ വനമേഖലകളിൽ നിന്നാണ് വന്യമൃഗങ്ങൾ പതിവായി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്. അതുമ്പുംകുളം, പുന്നമൂട്ടിൽ സന്തോഷ്‌, മയിലാടുപാറ കമലൻ എന്നിവരുടെ വാഴകൃഷി കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. കാട്ടുപോത്തുകൾ, കുരങ്ങുകൾ, മലയണ്ണാൻ, കാട്ടുപന്നികൾ എന്നിവയും വ്യാപകമായി ജനവാസ മേഖലകളിലേക്ക് ഇറങ്ങുകയാണ്.

...................................................

പുലിയെ കണ്ട പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. വീണ്ടും പുലിയുടെ സാന്നിദ്ധ്യം ഉണ്ടായാൽ കൂട് സ്ഥാപിക്കും.

നൗഷാദ്

( ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ

ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ )