
ശബരിമല : ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയിട്ടും ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും പ്ലാസ്റ്റിക് മാലിന്യപ്രശ്നത്തിന് പരിഹാരമില്ല. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊണ്ടുവരരുതെന്ന് തന്ത്രിയും ദേവസ്വം ബോർഡും അഭ്യർത്ഥിച്ചിട്ടും പ്രതിദിനം എത്തുന്നത് ടൺ കണക്കിന് പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ്. ശബരിമലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മനുഷ്യന് മാത്രമല്ല പ്രകൃതിക്കും പക്ഷിമൃഗാദികൾക്കും ദോഷമാണെന്ന് കണ്ടെത്തിയതോടെയാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ചന്ദനത്തിരി, കർപ്പൂരം, പനിനീര്, മലര്, കുരുമുളക് തുടങ്ങിയ പൂജാസാധനങ്ങളും കുടിവെള്ള കുപ്പികളും തീർത്ഥാടകർ ഒഴിവാക്കണമെന്ന് തന്ത്രി നിർദ്ദേശിച്ചത്. ഇതേതുടർന്ന് കഴിഞ്ഞവർഷം ദേവസ്വം ബോർഡിന്റെ മുഴുവൻ ക്ഷേത്രങ്ങളിലും പ്ലാസ്റ്റിക് ഉപയോഗം തടഞ്ഞ് ബോർഡ് സർക്കുലർ ഇറക്കി. മറ്റുക്ഷേത്രങ്ങളോടും അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പടെയുള്ള ഗുരുസ്വാമിമാരോടും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നിട്ടും കഴിഞ്ഞ വർഷം സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടി.
നിരോധനമുള്ള സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കടകളിൽ ചെറിയ പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമായി എണ്ണ, ഷാമ്പു എന്നിവയും വിൽപ്പന നടത്തുന്നുണ്ട്. പ്ലാസ്റ്റിക് നിരോധനം ഒരു പരിധിവരെ പമ്പയിലും ശരണപാതയിലും സന്നിധാനത്തും നടപ്പാക്കുമ്പോൾ നിലയ്ക്കലിൽ ഒരു നിയന്ത്രണവുമില്ല. കടകളിൽ ലോഡുകണക്കിന് കുപ്പിവെള്ളത്തിന് പുറമേ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ബാഗുകളുമെല്ലാം പരസ്യ വിൽപ്പനയാണ്.
പ്ളാന്റും കവിഞ്ഞ് പ്ലാസ്റ്റിക് മാലിന്യം
20 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് വരെ സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സന്നിധാനം പാണ്ടിത്താവളത്തിന് സമീപം പ്രവർത്തിക്കുന്നുണ്ട്. പ്രതിദിനം 22 മണിക്കൂർ സമയം പ്രവർത്തിക്കുന്ന ഈ പ്ലാന്റിൽ മണിക്കൂറിൽ 700ടൺ വരെ മാലിന്യങ്ങൾ സംസ്‌കരിക്കാനാവും. എന്നാൽ ഇതിന്റെ ഇരട്ടിയോളം വരുന്ന മാലിന്യങ്ങളാണ് മുൻവർഷങ്ങളിൽ സന്നിധാനത്ത് കുമിഞ്ഞു കൂടിയത്. ഇത് പാണ്ടിത്താവളത്തെ ഇൻസിനേറ്ററിനു സമീപം എത്തിച്ച് കുന്നുകൂട്ടി ഇട്ടശേഷം തീർത്ഥാടനം കഴിഞ്ഞുള്ള ദിവസങ്ങളിലും പ്ലാന്റ് പ്രവർത്തിപ്പിച്ചാണ് സംസ്‌കരിച്ചത്. തീർത്ഥാടനം കഴിഞ്ഞാൽ ഇവിടേക്ക് വന്യജീവികൾ എത്തി പ്ളാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം ഭക്ഷിക്കുന്നത് പതിവാണ്.
ശബരീ തീർത്ഥം
പ്ലാസ്റ്റിക് കുപ്പിവെള്ളം ഒഴിവാക്കാൻ 'റിവേഴ്സ് ഓസ്‌മോസിസ് ' (ആർ.ഒ) പ്രക്രിയ വഴി ശുദ്ധീകരിച്ച വെള്ളം ശബരീ തീർത്ഥം പദ്ധതിയിലൂടെ വിതരണം ചെയ്യുന്നുണ്ട്. മണിക്കൂറിൽ 35,000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഇതിനായുള്ളത്. പമ്പാത്രിവേണിയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പമ്പ, നീലിമലബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ ടാങ്കുകളിലെത്തിച്ചാണ് വിതരണം. ഈ സംവിധാനം നടപ്പിലാക്കിയിട്ടും പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ കുമിഞ്ഞു കൂടുന്നതിന് കുറവുണ്ടായിട്ടില്ല.