തിരുവല്ല : ദുരന്തമുഖങ്ങളിൽ ആസൂത്രിതവും സംയോജിതവുമായ പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെകുറിച്ച് ചർച്ച ചെയ്യാനും പ്രവർത്തനരീതികൾ ഏകോപിപ്പിച്ച് മെഡിക്കൽ ജീവനക്കാർ മുതൽ സാധാരണക്കാർ വരെയുള്ളവരെ പരിശീലിപ്പിക്കാനും വേണ്ടി സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസ് ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ ഫാ.സിജോ പന്തപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. അൺഫോൾഡിംഗ് ന്യൂവർ ഇന്നോവേഷൻസ് ഫോർ ടുമാറോസ് എമർജൻസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് എന്ന കോൺഫറൻസ് അമേരിക്കയിലെ വൈൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കപ്പെട്ടത്. വീഡിയോകൾ, പോസ്റ്റർ പ്രദർശനങ്ങൾ, പരിശീലന പരിപാടികൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി. ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര അദ്ധ്യക്ഷത വഹിച്ചു. അസോ.ഡയറക്ടർ സണ്ണി കുരുവിള, കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.ജിജു ജോസഫ്, ബിലീവേഴ്സ് ആശുപത്രി എമർജൻസി വിഭാഗം മേധാവി ഡോ.ലൈലു മാത്യൂസ്, സീനിയർ കൺസൾട്ടന്റ് ഡോ.അനുപാ ജോസഫ്, ഡോ.വിജയ അരുൺകുമാർ, ഗെയ്ക്ക്വാദ് സങ്കേത് തത്യസഹേബ്, ഡോ.അനി തോമസ് ഇടിക്കുള എന്നിവർ സംസാരിച്ചു. സബ്കളക്ടർ സുമിത് കുമാർ താക്കൂറിന്റെ നേതൃത്വത്തിൽ പാനൽ ചർച്ച കോൺഫറൻസിന്റെ ഭാഗമായി നടന്നു. 150 പേർ പങ്കെടുത്ത കോൺഫറൻസിൽ ദുരന്ത നിവാരണപ്രവർത്തകർ, ഡോക്ടർമാരടമുള്ള ആരോഗ്യ പ്രവർത്തകർ എന്നിവർ ക്ലാസെടുത്തു.