മിത്രപുരം : സംസ്ഥാന പാതയായ എം.സി റോഡ് കടന്നു പോകുന്ന മിത്രപുരം ഭാഗത്ത് വഴിയരികിൽ വലിയ തോതിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. മാർ ക്രിസോസ്റ്റം കോളേജിന്റെ പ്രവേശന കവാടത്തിനു എതിർ വശത്ത് റോഡരികിൽ സ്റ്റീൽ വേലിക്കു സമീപവും പുറകിലുമാണ് ചാക്കിലും മറ്റും മാലിന്യം സാമൂഹിക വിരുദ്ധർ കൊണ്ട് തള്ളുന്നത്. പള്ളിക്കൽ പഞ്ചായത്ത് പ്രദേശമാണിവിടം. റോഡിനപ്പുറം മുൻസിപ്പാലിറ്റിയും മറു വശത്ത് പള്ളിക്കൽ പഞ്ചായത്തുമാണ്.അടുക്കള മാലിന്യവും ഉപയോഗിച്ച ഡയപ്പറും ഹോട്ടൽ മാലിന്യവുമൊക്കെ ചാക്കിൽ നിറച്ച രീതിയിലാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. രാത്രിയിൽ വിജനമായതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾക്ക് വാഹനങ്ങളിൽ വന്നു മാലിന്യം നിക്ഷേപിച്ചു പോകാൻ സൗകര്യമാണ്. ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും ഇതുവരെ സ്ഥാപിച്ചിട്ടില്ല. എം.സി റോഡിലൂടെ സഞ്ചരിക്കുമ്പോൾ പൊതു ജനങ്ങൾക്ക് ദൃശ്യമാകുന്ന രീതിയിലാണ് വഴിയരികത്ത് മാലിന്യം കിടക്കുന്നത്.
......................................
ഈ ഭാഗത്ത് പടർന്നു പിടിച്ച കാടിനുള്ളിലും വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കണം. പഞ്ചായത്ത് അധികൃതർ അടിയന്തരമായി നടപടി യെടുക്കണം.
എം.എൻ ഗോപകുമാർ
(കേരളകൗമുദി അടൂർ - ചേന്നംപള്ളിൽ ഏജന്റ് )