തിരുവല്ല : നഗരസഭയിലെ ചെയർമാൻ സ്ഥാനം ആദ്യമായി പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തതോടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉടുപ്പിട്ട മുന്നണികളിലെ പലനേതാക്കൾക്കും ഉറക്കമില്ലാതായി. ഇടത്, വലത്, എൻ.ഡി.എ മുന്നണികളിലായി പത്തോളം പേരാണ് നഗരസഭയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കച്ചകെട്ടി ഇറങ്ങിയത്. അഞ്ചു വർഷമായി വനിതാ സംവരണം ആയിരുന്ന നഗരസഭയിൽ ഇക്കുറി അദ്ധ്യക്ഷസ്ഥാനം ജനറൽ വിഭാഗത്തിൽ ലഭിക്കുമെന്നായിരുന്നു ഭൂരിഭാഗം നേതാക്കളും ഉറപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സമവായ ചർച്ചകളിൽ പ്രധാനവിഷയം ഭരണം കിട്ടിയാൽ ചെയർമാൻ ആരാകുമെന്നത് സംബന്ധിച്ചായിരുന്നു. യു.ഡി.എഫിലെ കോൺഗ്രസിൽ മാത്രം എട്ടോളം പേരാണ് ചെയർമാൻ സ്ഥാനം നേടിയെടുക്കാൻ കസേരയ്ക്ക് ചുറ്റും വട്ടംകറങ്ങിയിരുന്നത്.
ഒന്നേകാൽ വർഷം പങ്കിടാനുള്ള നീക്കവും പാളി
കഴിഞ്ഞ കുറെ വർഷങ്ങളായി യു.ഡി.എഫ് ഭരണം തുടരുന്ന നഗരസഭയിൽ അദ്ധ്യക്ഷ സ്ഥാനം വലിയ വെല്ലുവിളിയായിരുന്നു. തർക്കങ്ങളും അവിശ്വാസങ്ങളും കാരണം നാലുപേർ വരെ ഇവിടെ ചെയർമാൻ സ്ഥാനം പങ്കിട്ടുനൽകി. എന്നിട്ടും സമവായത്തോടെ ഭരണം തുടരാൻ സാധിക്കാത്ത പാരമ്പര്യവും യു.ഡി.എഫിനുണ്ട്. ഇതിനിടെ ധാരണയും മുൻധാരണയുമെല്ലാം തെറ്റിയതോടെ അവിശ്വാസ വോട്ടെടുപ്പിൽ പരസ്പരം കാലുവാരിയതിനെ തുടർന്ന് രണ്ടുതവണ എൽ.ഡി.എഫിന് ഭരണം കിട്ടിയ സന്ദർഭങ്ങളും ഉണ്ടായി.
എൽ.ഡി.എഫിലും അദ്ധ്യക്ഷ സ്ഥാനത്തിനായി പലരും കച്ചമുറുക്കിയിരുന്നു. കേരളാ കോൺഗ്രസ് എമ്മിലെ സ്ഥാനാർത്ഥി നിർണയം അടക്കം ചെയർമാൻ സ്ഥാനമായിരുന്നു ലക്ഷ്യം. പ്രമുഖരെ മത്സരരംഗത്തിറക്കി ചെയർമാൻ സ്ഥാനം നേടിയെടുക്കാനുള്ള കരുനീക്കങ്ങളും ആരംഭിച്ചിരുന്നു. സീറ്റ് കിട്ടിയില്ലെങ്കിൽ മറുകണ്ടം ചാടുമെന്ന് വരെ ചിലർ ഭീഷണി മുഴക്കി. എണ്ണത്തിൽ സീറ്റ് പരിമിതമാണെങ്കിലും ബി.ജെ.പിയിലെ ചില നേതാക്കളും കലക്കവെള്ളത്തിൽ മീൻപിടിക്കാനായി മുണ്ടുമുറുക്കി ഇറങ്ങിയിരുന്നു. ഇതിനിടെയാണ് ഇടിവെട്ട് പൊലെ പട്ടികജാതി വനിതാ സംവരണം അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നെത്തിയത്.
ആർക്കാകും ലോട്ടറി
നഗരസഭയിലെ നാലാം വാർഡ് കിഴക്കൻ മുത്തൂർ, 21-ാം വാർഡ് തിരുമൂലപുരം വെസ്റ്റ് എന്നീ വാർഡുകളിലാണ് പട്ടികജാതി വനിതാ സംവരണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ നിലവിൽ കേരളാകോൺഗ്രസ് എമ്മും കേരളാകോൺഗ്രസ് പി.ജെ ജോസഫ് എന്നീ പാർട്ടികളാണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥികളെ കിട്ടാൻ ബുദ്ധിമുട്ടായതിനാൽ ഈ പാർട്ടികൾ കേഡർ പാർട്ടികൾക്ക് സീറ്റ് കൈമാറാനാണ് നീക്കം. ഈ വാർഡുകളിൽ നിന്ന് ജയിച്ചു വരുന്നവർക്ക് അദ്ധ്യക്ഷ സ്ഥാനം ലഭിക്കാനാണ് സാദ്ധ്യത.