t

പാലത്തിന് കരാർ ഏറ്റെടുത്തത് 34 കോടിക്ക്

കൊല്ലം: മൺ​റോത്തുരുത്ത് ഗ്രാമപഞ്ചായത്തി​ലെ ഒറ്റപ്പെട്ട വാർഡായ പെരുങ്ങാലത്തേക്ക് ഒരു പാലമെന്ന സ്വപ്നത്തിന് വീണ്ടും ചിറകു മുളയ്ക്കുന്നു. നടക്കില്ലെന്ന് ഒരുകാലത്ത് നാട് വിധിയെഴുതിയ പാലം പദ്ധതിക്ക് പുതുജീവൻ പകരാൻ എത്തിയിരിക്കുന്നത് കോഴിക്കോട് വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് (യു.എൽ.സി.സി.എസ്).

കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ശ്രമഫലമായി 34 കോടി രൂപയിൽ എസ്റ്റിമേറ്റ് പുതുക്കി റീ ടെണ്ടർ നൽകിയിരുന്നു. കഠിനമായ കടമ്പകൾ പലത് കടന്നാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ ഏറ്റെടുത്തത്. അവർ പാലം നിർമ്മാണത്തിനുള്ള പൈലിംഗ് ആരംഭിക്കാനായി ബെഞ്ച് മാർക്ക് സ്ഥാപിച്ചു തുടങ്ങി. 176 മീറ്റർ നീളത്തിൽ ഏഴ് സ്പാനുകളിലായി 11 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. നിലവിൽ വാഹനം എത്തുന്ന മൺറോത്തുരുത്ത് റോഡിലെ കൊച്ചു മാട്ടയിൽ ഭാഗത്ത് പ്ലാന്റ് സ്ഥാപിച്ച് ജങ്കാർ വഴി സാധനങ്ങൾ എത്തിക്കാനാണ് കരാർ കമ്പനിയുടെ ശ്രമം. ഇവിടെ നിന്നു രണ്ട് കിലോമീറ്ററോളം നീളത്തിൽ കൊന്നയിൽ കടവ് വരെ അപ്രോച്ച് റോഡും നിർമ്മിക്കണം.അതിന്റെ സർവ്വേ നടപടികളും ആരംഭിച്ചു.

വിദ്യാർത്ഥികളും ഹാപ്പിയാവും

പാലം യാഥാർത്ഥ്യമായാൽ പെരുങ്ങാലം നിവാസികൾക്കും മൺറോത്തുരുത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കും ഗുണകരമാകും. ഇതോടെ വേടൻചാടി മലയും പെരുങ്ങാലത്തിന്റെ മനോഹര തീരങ്ങളും ആസ്വദിക്കാൻ സഞ്ചാരികൾക്ക് കരമാർഗ്ഗം എത്തിച്ചേരാം. ഏറെ പ്രതീക്ഷയോടെ തങ്ങളുടെ ചിരകാല അഭിലാഷം നിറവേറുന്നതും കാത്തിരിക്കുകയാണ് പെരുങ്ങാലം.

പണ്ടത്തെ പാലം ഒലിച്ചുപോയി

 കല്ലടയാറും അഷ്ടമുടിക്കായലും ചുറ്റും ഒഴുകുന്ന പെരുങ്ങാലത്തേക്ക് കരമാർഗ്ഗം എത്താനാവില്ല

 ജലഗതാഗത വകുപ്പിന്റെ ബോട്ട് മാത്രമാണ് ആശ്രയം

 ഒരു കുന്നും അതിനു ചുറ്റും ചതുപ്പുനിറഞ്ഞ പ്രദേശങ്ങളുമാണ് ഇവിടം

 കാൽനടയായി എത്താൻ കല്ലടയാറിന്റെ ശാഖയായ കൊന്നയിൽ തോട്ടിൽ മുമ്പ് നടപ്പാലമുണ്ടായിരുന്നു

 ഈ പാലം 1992ലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി, ഇതോടെ നാട് ഒറ്റപ്പെട്ടു

 കെ.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായ കാലത്ത് 29 കോടി ചെലവിൽ പാലത്തിനും റോഡിനും കരാർ നൽകി

 നിർമ്മാണ ഉദ്ഘാടനവും നടന്നു

 കണ്ണങ്കാട് റെയിൽവേ പാലത്തിനടിയിലൂടെ നിർമ്മാണ സാധനങ്ങൾ കൊണ്ടു പോകുന്നതിന് തടസമുണ്ടായി

 പ്രാദേശികമായും പ്രശ്നങ്ങൾ ഉടലെടുത്തു

 ഇതോടെ കരാറുകാരൻ പണി ഉപേക്ഷിച്ച് സ്ഥലം വി​ട്ടു

തഴക്കവും പഴക്കവുമുള്ള ഊരാളുങ്കൽ

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള, തൊഴിലാളി കരാർ സഹകരണ സംഘമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണസംഘം ക്ലിപ്തം നം: 10957. സാമൂഹി​ക പരി​ഷ്കർത്താവ് വാഗ്ഭടാനന്ദ ഗുരുവി​ന്റെ നേതൃത്വത്തി​ൽ 925-ൽ ആണ് സംഘം സ്ഥാപി​ച്ചത്. പല നിർമ്മാണ പ്രവൃത്തികളും കരാർ കാലാവധിക്ക് മുൻപ് തന്നെ പൂർത്തിയാക്കി​യ ചരി​ത്രമാണ് ഇവർക്കുള്ളത്. 24 മാസത്തെ കരാർകാലാവധി ഉണ്ടായിരുന്ന കോഴിക്കോട് ബൈപ്പാസിന്റെ നിർമ്മാണം 16 മാസംകൊണ്ടു പൂർത്തിയാക്കി. 85 കോടിയുടെ ഭരണാനുമതിയും 74.96 കോടിയുടെ സാങ്കേതികാനുമതിയും ലഭിച്ച രാമനാട്ടുകര പാലം നിശ്ചിതസമയത്തിന് മുമ്പേ തുറന്നുകൊടുത്തു. പാലരിവട്ടം പാലം പൊളിച്ചു പുനർനിർമ്മിക്കുന്ന പ്രവൃത്തി 5 മാസവും 10 ദിവസവും കൊണ്ട് പൂർത്തിയാക്കി. 2013ൽ തളിപ്പറമ്പ്- കൂർഗ് അതിർത്തി റോഡിന്റെ പ്രവൃത്തി മൂന്നുമാസം നേരത്തേ പൂർത്തി​യാക്കി​യും വാർത്തകളി​ൽ ഇടംപി​ടി​ച്ചു.