t

കൊല്ലം: കാൽനട യാത്രപോലും ദുസ്സഹമാകും വി​ധം തകർന്നടിഞ്ഞ ഉത്തംപള്ളി റോഡ് നാടി​ന്റെ ശാപമായി​ മാറി​. പെരിനാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ഇടവട്ടത്ത് 100 മീറ്റർ വരുന്ന റോഡ് വർഷങ്ങളായി പൊളിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ഭരണസമി​തി​യുടെ കാലത്താണ് അവസാനമായി ടാർ ചെയ്തത്. ടാറിംഗ് ആകെ ഇളകി തകർന്ന റോഡിൽ ജലജീവൻ പൈപ്പിടുന്നതിന് കുഴിയെടുത്തതോടെ ചെളിക്കുണ്ടായി മാറിയെന്നു പറയാം. ചെറുമൂട് നിന്നും കേരളപുരം, മാമൂട്, ഇടവട്ടം എന്നിവിടങ്ങളിലേക്കും യാത്രക്കാർ ഏറെ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.

റോഡ് ടാറിംഗി​ന് ടെൻഡർ വിളിച്ചിരുന്നെങ്കിലും ആദ്യം ആരും കരാർ ഏറ്റെടുക്കാൻ തയ്യാറായില്ല. എന്നാൽ ടാറിംഗിന് പകരം കോൺക്രീറ്റിന് ടെൻഡർ വിളിച്ചതോടെ അഞ്ച് മാസം മുൻപ് വെള്ളിമല സ്വദശി കരാർ ഏറ്റെടുത്തു. ജലജീവൻ പൈപ്പി​ടൽ നീണ്ടത് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തടസമായെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. മഴ കനത്തതാണ് ജലജീവൻ പൈപ്പിടുന്നതിലെ മെല്ലപ്പോക്കി​ന് കാരണം. നിലവിൽ പൈപ്പിടീൽ ഏകദേശം പൂർത്തിയായി കഴിഞ്ഞ ദിവസം നടത്തിയ പ്രഷർ ടെസ്റ്റിൽ ചിലയിടങ്ങളിൽ ചോർച്ച ശ്രദ്ധയിൽ പെട്ടതാനാൽ അത് പരിഹരിക്കുന്ന മറയ്ക്ക് എത്രയും വേഗം റോഡ് നിർമ്മാണം ആരംഭിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ തങ്ങളുടെ യാത്രാ ദുരിതത്തിന് എന്ന് പരിഹാരമാകുമെന്ന പ്രദേശവാസികളുടെ ചോദ്യത്തിന് മറുപടിയില്ല.

നിലവിൽ 3.5 ലക്ഷം രൂപയാണ് റോഡ് കോൺക്രീറ്റ് ചെയ്യാൻ ഫണ്ട് വച്ചിട്ടുള്ളത്. വാട്ടർ അതോറിട്ടിയുടെ പണികൾ നടക്കുന്നതാണ് നവീകരണത്തിന് കാലതാമസം നേരിടാൻ കാരണം

പെരിനാട് പഞ്ചായത്ത് അധികൃതർ